ലണ്ടന്‍- കോവിഡ് കാരണം യാത്രാ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ നിന്ന് ബ്രിട്ടന്‍ ഇന്ത്യയെ ഒഴിവാക്കി. ഇതോടെ ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലെത്തുന്നവര്‍ക്ക് ഇനി 10 ദിവസത്തെ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ല. ഇന്ത്യ ഇപ്പോള്‍ ആംബര്‍ ലിസ്റ്റിലാണ്. ഈ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് ബ്രിട്ടനില്‍ വന്നിറങ്ങുന്നവര്‍ അവരുടെ വീട്ടിലോ സൗകര്യമുള്ള മറ്റിടങ്ങളിലോ 10 ദിവസം ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതി. അഞ്ചു ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം സ്വന്തം ചെലവില്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ അവസാനിപ്പിച്ച് പുറത്തിറങ്ങാനും സാധിക്കും. പുതിയ ഇളവുകള്‍ ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് യാത്ര ചെയ്യുന്നവര്‍ വിമാനം പുറപ്പെടുന്നതിനു മൂന്നു ദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനാ ഫലം കാണിക്കുകയും അവിടെ ഇറങ്ങിയാല്‍ ചെയ്യാനുള്ള രണ്ട് കോവിഡ് ടെസ്റ്റുകള്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യുകയും വേണം.
18 വയസിനു താഴെ പ്രായമുള്ളവര്‍ക്കും യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ എടുത്തവര്‍ക്കും ഹോം ക്വാറന്റീന്‍ വേണ്ട. ഇന്ത്യയെ കൂടാതെ യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളേയും ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ നിന്ന് ആംബര്‍ ലിസ്റ്റിലേക്ക് മാറ്റി.