ന്യൂദല്‍ഹി- സംസ്ഥാന സര്‍ക്കാരിനെ മാറ്റി നിര്‍ത്തി ദല്‍ഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ന്നത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വീണ്ടുമൊരു ഉരസലിന് വഴിയൊരുക്കി. ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ അറിയിക്കാതെ ഇങ്ങനെ യോഗം വിളിക്കുന്നത് ഭരണഘടനയ്ക്ക് എതിരാണെന്നും ലഫ്. ഗവര്‍ണര്‍ ജനാധിപത്യത്തെ ബഹുമാനിക്കണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അറിയിക്കാതെ ഇത്തരത്തില്‍ സമാന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത് ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനുവമാണ്. നാം ഒരു ജനാധിപത്യ സംവിധാനത്തിലാണ്. ജനങ്ങള്‍ ഒരു മന്ത്രിസഭയെ തെരഞ്ഞെടുത്തിട്ടുണ്ട്. താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ താങ്കളുടെ കീഴിലുള്ള മന്ത്രിമാരോട് ചോദിക്കാം. ഉദ്യോഗസ്ഥരുമായുള്ള ഇത്തരം യോഗങ്ങള്‍ ഒഴിവാക്കണം. നമുക്ക് ജനാധിപത്യത്തെ മാനിക്കാം, സര്‍- ട്വീറ്റിലൂടെ മുഖ്യമന്ത്രി ലഫ്. ഗവര്‍ണറോട് പറഞ്ഞു.
കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ദല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗവര്‍ണര്‍ യോഗം ചേരുന്ന ഫോട്ടോ അദ്ദേഹത്തിന്റെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു മറുപടി ആയാണ് മുഖ്യമന്ത്രി കേജ്രിവാളിന്റെ ട്വീറ്റ്. മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതി കൊണ്ടു വന്നതോടെ ദല്‍ഹി ഭരണത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലഫ്. ഗവര്‍ണര്‍ക്കാണ്. ഇതോടെ ഗവര്‍ണറുടേയും സംസ്ഥാന സര്‍ക്കാരിന്റേയും അധികാര പരിധികളെ ചൊല്ലി തര്‍ക്കവും തുടങ്ങി. ഈ നിയമഭേദഗതി ദല്‍ഹിയിലെ ജനങ്ങളെ അപമാനിക്കലാണെന്ന് മുഖ്യമന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു.