കല്യാണത്തിന് ആഭരണം വാങ്ങി മടങ്ങിയ പ്രതിശ്രുത വധൂവരന്‍മാര്‍ അപകടത്തില്‍ മരിച്ചു

കോയമ്പത്തൂര്‍- കല്യാണത്തിന് ആഭരണം വാങ്ങി മടങ്ങവേ ബൈക്കപകടത്തില്‍ പ്രതിശ്രുത വധൂവര•ാര്‍ മരിച്ചു. കാരമട പെരിയ പുത്തൂര്‍ സ്വദേശി അജിത്ത് (23), താളതുറ കറുപ്പസ്വാമിയുടെ മകള്‍ പ്രിയങ്ക(20) എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റു. മേട്ടുപ്പാളയം അന്നൂര്‍ റോഡില്‍ പുതിയ പച്ചക്കറി ചന്തക്ക് സമീപമാണ് അപകടം. പ്രിയങ്കയുടെ ബന്ധു ചെവ്വന്തി, പൊള്ളാച്ചി സ്വദേശി ഷേഖ് അലാവുദ്ദീന്‍, സാദിഖ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ആടിപെരുക്ക് ദിനത്തില്‍ മെട്ടി (മിഞ്ചി അഥവാ കാല്‍വിരലില്‍ ധരിക്കുന്ന ധരിക്കുന്ന ആഭരണം) വാങ്ങി നല്‍കാനായി മേട്ടുപ്പാളയത്തേക്ക് വരാന്‍ പ്രിയങ്കയോട് അജിത്ത് പറഞ്ഞിരുന്നു. ബന്ധുവായ ചെവ്വന്തിയേയും പ്രിയങ്കക്കൊപ്പം വീട്ടുകാര്‍ അയച്ചിരുന്നു. പ്രിയങ്കയ്ക്ക് മെട്ടിയും സമ്മാനങ്ങളും വാങ്ങി നല്‍കിയ ശേഷം വീട്ടിലേക്ക് ബൈക്കില്‍ തന്നെ കൊണ്ടുവിടാമെന്ന് അജിത്ത് അറിയിച്ചു. തുടര്‍ന്ന് പ്രിയങ്കയും ചെവ്വന്തിയും അജിത്തോടൊപ്പം ബൈക്കില്‍ കയറി.
ചന്തയ്ക്ക് സമീപമെത്തിയപ്പോള്‍ എതിരെ വന്ന ഷേക്ക് അലാവുദ്ദീന്റെ ബൈക്കുമായി അജിത്തിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. അജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയെ രാത്രിയോടെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

 

Latest News