കൊച്ചി- പെൺ വിവേചനത്തിനെതിരെ രംഗത്തുവന്നതിന്റെ പേരിൽ വീണ്ടും വാർത്തയിൽ ഇടം നേടിയ റിമ കല്ലിങ്ങലിനെതിരെ ആരോപണവുമായി പരസ്യചിത്ര സംവിധായകൻ കൃഷ്ണജിത്ത് എസ്. വിജയൻ. പരസ്യ ചിത്ര ഷൂട്ടിംഗിനിടെ, മെയ്ക്കപ്പ് റൂമിൽ എ.സി ഇല്ലാത്തിന്റെ പേരിൽ മുഴുവൻ ക്രൂവിനെയും പോസ്റ്റാക്കി നിർത്തിയ ആളാണ് റിമയെന്നും ഇവരുടെ സാമൂഹ്യബോധം കാണുമ്പോൾ പുച്ഛിക്കാനാണ് തോന്നുന്നതെന്നും കൃഷ്ണജിത്ത് വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിൽനിന്ന്
ഇത് വലിയ വർത്തയാകുമെന്നോ വിവാദമാകുമെന്നോ കരുതിയില്ല. അനിൽ നെടുമങ്ങാടിന്റെ പോസ്റ്റിൽ കമന്റ് ചെയ്തതായിരുന്നു. പക്ഷെ പറയാനുള്ള പരമമായ സത്യം ലോകം അറിഞ്ഞതിൽ സന്തോഷിക്കുന്നു. ഇവിടെ സ്ത്രീയും പുരുഷനും വേറെയല്ല ഒന്ന് തന്നെയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. രണ്ടുകൂട്ടരും ഒരു പോലെ തെറ്റ് ചെയ്യുന്ന ഈ സമൂഹത്തിൽ ഒരു കൂട്ടരെ മൊത്തത്തിൽ ആക്ഷേപിക്കുന്നതും ശരിയല്ല. ഞാൻ എന്റെ പ്രൊഫഷനിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ(ആണുങ്ങളിൽ നിന്നും പെണ്ണുങ്ങളിൽ നിന്നുമുണ്ട്). പിന്നെ ഇപ്പോൾ പറയുന്നത് റിമ സഹപ്രവർത്തകരോട് ആണ് പെൺ ഭേദമില്ലാതെ പെരുമാറിയിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് ഞങ്ങൾക്കുണ്ടാകില്ലായിരുന്നു.
ഒരു കലാകാരൻ/കലാകാരി ആദ്യം മനസ്സിലാക്കേണ്ടത് മറ്റൊരു കലാകാരനെയോ/കലാകാരിയെയോ ആണ്.
എനിക്കു വന്നൊരു ദുരനുഭവ0 ഇവിടെ കുറിക്കട്ടെ. ഡബ്യു.സി.സിയുടെ തലപ്പത്തിരിക്കുന്ന ഒരു നടിയെ വച്ച് ഈയിടെ ഞാനൊരു ആഡ്ഫിലിം ചെയ്യുകയുണ്ടായി.10 ലക്ഷ0 രൂപ എണ്ണി വാങ്ങിയിട്ട് മേക്കപ്പ് റൂമിൽ എ.സി ഇല്ലാത്തിന്റെ പേരിൽ ഷൂട്ട് വൈകുന്നേരം ആറു മണിക്ക് തുടങ്ങേണ്ട അവസ്ഥ വരെയുണ്ടാക്കിയ വ്യക്തിത്വം ഇല്ലാത്ത വ്യക്തിയാണ് ഈ പ്രസ്ഥാനമൊക്കെ നയിക്കുന്നത്. ഇതു വായിക്കുന്നവർക്ക് മറ്റൊരു സംശയമുണ്ടാകാം. രാവിലെ മുതൽ മേക്കപ്പ് റൂമിൽ എ.സി ഇല്ലാത്തതിന്റെ പേരിൽ ചെയ്യാതിരുന്ന നടി എങ്ങനെ 5 മണിക്ക് ഷൂട്ടില് സഹകരിച്ചു എന്ന്. എവിടെയോ കിടന്ന കാരവാൻ ഞങ്ങളെക്കൊണ്ട് 5മണിക്ക് ലൊക്കേഷനിൽ വരുത്തിച്ചു ആ വാശിക്കാരി.
അവിടെ ഒരു ദിവസത്തെ ഷൂട്ടിനായി കരാറു ചെയ്യപ്പെട്ട ഞാനും എന്റെ പാർട്ണറും ആ ഒരൊറ്റ ദിവസം കൊണ്ട് കടക്കാരായി. സ്വന്തം പണം ചെലവിട്ടാണ് ഞങ്ങൾ ആ കടം വീട്ടിയത്. ഒറ്റ വാക്കിൽ പറഞ്ഞാൽ പ്രതിഫലവും കിട്ടിയില്ല നഷ്ടവും വന്നു. സഹപ്രവർത്തകരോട് കരുണയില്ലാത്ത ഇവരുടെയൊക്കെ സമൂഹത്തിൽ ആളാവാൻ പറയുന്ന കപടതയാർന്ന പ്രസ്ഥാവനകളോട് എനിക്ക് പുച്ഛമാണ്.