ന്യൂദല്‍ഹി- പെഗാസസ് വിവാദത്തില്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച വി. ശിവദാസന്‍ അടക്കമുള്ള എംപിമാര്‍ക്ക് സസ്പെന്ഷന് മുന്നറിയിപ്പ്. എം.പിമാരോട് ഇരിപ്പിടങ്ങളിലേക്കു മടങ്ങാന്‍ ചട്ടം 255 പ്രകാരം ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു നിര്‍ദേശിച്ചു. നിര്‍ദേശം ലംഘിച്ചാല്‍ പേരെടുത്തു താക്കീത് ചെയ്യുമെന്നും സസ്പെന്‍ഡ് ചെയ്യുമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
പ്രതിപക്ഷം വിട്ടുവീഴ്ച്ചചക്ക് തയാറാകാതിരുന്നതോടെ രാജ്യസഭ രണ്ട് മണിവരെ നിര്‍ത്തിവച്ചിരുന്നു. കര്‍ഷക പ്രതിഷേധം, വിലക്കയറ്റം, സാമ്പത്തിക സ്ഥിതി എന്നിവ ചര്‍ച്ചചെയ്യാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനമായതായി ഉപരാഷ്ട്രപതി അറിയിച്ചു. എന്നാല്‍ പെഗാസസ് വിവാദം ആദ്യം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു. ലോക്സഭയും ഇന്ന് തടസപ്പെട്ടു.