ബെയ്ജിങ് - കിഴക്കൻ ചൈനയിലെ ഗാൻസു പ്രവിശ്യയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ലിൻഷിയയിൽ അവധിക്കാലത്ത് കുട്ടികളെ മതപഠനത്തിനും മതചടങ്ങൾക്കു വിടുന്നതിനും വിലക്കേർപ്പെടുത്തി. വിദ്യാഭ്യാസ വകുപ്പാണ് മതപഠനത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. വംശീയ ന്യൂനപക്ഷമായ ഹുയി മുസ്‌ലിംകൾ ധാരാളമുള്ള പ്രദേശമാണിത്. സ്‌കൂളുകൾ വിന്റർ അവധിക്കായി അടച്ചിടുമ്പോൾ കുട്ടികൾ മത സ്ഥാപനങ്ങളിലേക്കു പോകാനോ മത ഗ്രന്ഥങ്ങൾ വായിക്കാനോ ക്ലാസുകളിൽ പങ്കെടുക്കാനോ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്റെതായി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു നോട്ടീസിൽ പറയുന്നു.
ഈ നോട്ടീസിന്റെ ആധികാരികത സംബന്ധിച്ച് അധികൃതരിൽ നിന്ന് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ലെന്നും റോയിട്ടേഴ്‌സ് വ്യക്തമാക്കുന്നു. മത പഠനം നിയന്ത്രിക്കുന്നതിന് ചൈനീസ് സർക്കാർ കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ പുതുക്കിയ നിയന്ത്രണങ്ങൾ ഫെബ്രുവരിയിൽ പ്രാബല്യത്തിലാകും. ചൈനയിൽ മതസ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും വിദ്യാഭ്യാസ കാര്യത്തിൽ നിയന്ത്രണങ്ങളുണ്ട്.
മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഷിൻജിയാങിലെ പടിഞ്ഞാറൻ മേഖലയിൽ കുട്ടികളെ മതം പഠിപ്പിക്കുന്നതിന് വിലക്ക് നിലവിലുണ്ട്. ഉയിഗുർ മുസ്‌ലിം വംശജരാണ് ഇവിടെ ഭൂരിപക്ഷം. ചൈനയിലെ ജറുസലം എന്നു വിശേഷിപ്പിക്കപ്പെടുന്ന തെക്കുകിഴക്കൻ നഗരമായ വെൻഷോയിൽ ക്രിസ്ത്യൻ വിശ്വാസികളുടെ സൺഡേ സ്‌കൂളുകൾക്കും കഴിഞ്ഞ വേനലിൽ അധികൃതർ വിലക്കേർപ്പെടുത്തിയിരുന്നു. അതേസമയം ചൈനയിൽ മറ്റിടങ്ങളിൽ മതവിഭാഗങ്ങൾക്കുമേൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നുമില്ല.