ന്യൂദല്‍ഹി- ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ പാര്‍ലമെന്റില്‍ വരികയും ഒമ്പത് വയസുള്ള ദളിത് പെണ്‍കുട്ടിയെ ദല്‍ഹിയില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പ്രസ്താവന നടത്തുകയും ചെയ്താല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെരക് ഓബ്രിയന്‍. പെഗസസ് ചാരപ്പണി വിവാദങ്ങളില്‍ നിന്ന് അമിത് ഷാ ഓടി ഒളിക്കുകയാണെന്നും അദ്ദേഹം ഇന്ത്യാ ടുഡെ ടിവി അഭിമുഖത്തില്‍ പറഞ്ഞു.
16 പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടുന്നത് ചര്‍ച്ചയാണ്. പ്രധാനമായും മൂന്ന് വിഷയങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുക, വിലകയറ്റവും തൊഴിലില്ലായ്മയും, പെഗസസുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷ. ഇതില്‍ പെഗസസ് ആദ്യം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നില്ല എന്നു പറയുന്നത് വസ്തുതയല്ല. രാജ്യസഭയില്‍ കോവിഡ് വിഷയത്തില്‍ ചര്‍ച്ച നടന്നു. അതിന്റെ ഭാഗമായി പ്രസന്റേഷനും നടന്നു. പാര്‍ലമെന്റില്‍ ചട്ടങ്ങള്‍ അനുസരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ 11 ശതമാനം ബില്ലുകളില്‍ മാത്രമെ സൂക്ഷ്മ പരിശോധന നടന്നിട്ടുള്ളൂ. യുപിഎ കാലത്ത് ഇത് 60-70 ശതമാനമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഇവിടെ എത്തിയപ്പോള്‍ ഇത് 25 ശതമാനമായി കുറഞ്ഞു. അദ്ദേഹമിപ്പോള്‍ ദല്‍ഹിയില്‍ സ്ഥിരതാമസമാക്കിയതോടെ ഇത് 11 ശതമാനമായി വീണ്ടും കുറഞ്ഞു. 2016 മുതല്‍ എത്ര ചോദ്യങ്ങളില്‍ മോഡി പാര്‍ലമെന്റില്‍ ഉത്തരം പറഞ്ഞിട്ടുണ്ട്? ഒറ്റയൊന്നു പോലുമില്ല. പാര്‍ലമെന്റിനു വേണ്ടി സ്വന്തമായി നിയമങ്ങളുണ്ടാക്കുകയാണ്. പ്രതിപക്ഷം ആവശ്യപ്പെടുന്നത് ചര്‍ച്ച നടക്കണമെന്നാണ്-ഡെരക് പറഞ്ഞു.