ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ട് റദ്ദായിപ്പോകുമോ എന്ന ആശങ്ക പ്രവാസികൾക്ക് ഇനിയും നീങ്ങിയിട്ടില്ല. ആധാർ തന്നെ പ്രവാസികൾക്ക് നിർബന്ധമില്ലെന്നിരിക്കേ പിന്നെ എന്തിനു ബാങ്ക് അക്കൗണ്ടിനെ കുറിച്ച് ആശങ്കപ്പെടണമെന്ന് ആധാർ അതോറിറ്റിയും ഇന്ത്യൻ എംബസിയും കോൺസുലേറ്റുമൊക്കെ വിശദീകരിക്കുന്നുണ്ടെങ്കിലും ബാങ്കുകൾ ഇതേക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.
പുതിയ ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിൽ ആധാർ വിവരങ്ങൾ നിർബന്ധമായും സമർപ്പിക്കേണ്ടതുണ്ട്. ഇതോടൊപ്പം നിലവിലെ അക്കൗണ്ട് ഉടമകൾക്ക് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം 2017 ഡിസംബർ 31 ൽനിന്ന് 2018 മാർച്ച് 31 ലേക്ക് നീട്ടിയിട്ടുമുണ്ട്.
എസ്.എം.എസ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയവ വഴി ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് ബാങ്കുകൾ സൗകര്യം നൽകുന്നുണ്ട്. നിങ്ങളുടെ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടോയെന്ന് കംപ്യൂട്ടർ വഴിയും മൊബൈൽ വഴിയും പരിശോധിക്കാം.
1. ആധാർ ഔദ്യോഗിക സൈറ്റിൽ പോകുക (www.uidai.gov.in)
2. ചെക്ക് ആധാർ ആന്റ് ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
3. ആധാർ നമ്പറും സെക്യൂരിറ്റി കോഡും നൽകാൻ ആവശ്യപ്പെടും.
4. ഉടൻ തന്നെ ആധാറിൽ ചേർത്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് വൺ ടൈം പാസ് വേഡ് (ഒ.ടി.പി) വരും.
5. ഒ.ടി.പി ചേർത്ത് ലോഗിൻ ചെയ്യാം.
മൊബൈൽ വഴിയും അന്വേഷിക്കാം
ആധാർ കാർഡിന് അപേക്ഷിക്കുമ്പോൾ നാട്ടിലെ മൊബൈൽ നമ്പറാണ് നൽകിയിട്ടുണ്ടാവുക. അതുകൊണ്ടു തന്നെ ഗൾഫിലിരുന്ന് ഇതു പരിശോധിക്കുക സാധ്യമല്ല. ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചിരിക്കണമെന്നർഥം. ഏറ്റവും ഒടുവിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് നമ്പർ മാത്രമേ അറിയാൻ കഴിയൂ. ഒന്നിലേറെ അക്കൗണ്ടുകൾ ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ ബാങ്കിൽ നേരിട്ട് അന്വേഷിക്കേണ്ടി വരും.
1. *99*99*1# ഡയൽ ചെയ്യണം.
2. 12 അക്ക ആധാർ നമ്പർ എന്റർ ചെയ്യാൻ ആവശ്യപ്പെടും.
3. നമ്പർ അടിച്ചത് തെറ്റിയിട്ടുണ്ടോ എന്ന് ഒന്നു കൂടി ഉറപ്പു വരുത്താൻ ആവശ്യപ്പെടും.
4. ഇതിനു ശേഷം നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ട് തെളിയും.