തൂത്തുകുടി- താന്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലായതിന് 17കാരന്‍ സുഹൃത്തായ 22കാരനെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുകുടി ജില്ലയിലെ കോവില്‍പട്ടിയില്‍ ജൂലൈ 29നാണ് സംഭവം. പ്രതിയായ കൗമാരക്കാരനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടി പെയിന്റിങ് ജോലിക്കാരനായ പി മദന്‍കുമാര്‍ ആണ് കൊല്ലപ്പെട്ടത്. താന്‍ പ്രണയിക്കുന്ന 16കാരിയായ പെണ്‍കുട്ടിയുമായി മദന്‍കുമാര്‍ അടുപ്പം സ്ഥാപിച്ചതിനാണ് കൊല നടത്തിയതെന്ന് കൗമാരക്കാരന്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. ഇരുവരും പെയിന്റിങ് ജോലി ചെയ്യുന്നവരും സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.
ജൂലൈ 29ന് കൗമാരക്കാരന്‍ മദന്‍കുമാറിനെ മദ്യപിക്കാനായി സംഭവസ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മദ്യപിച്ചിരിക്കെ മൊബൈലില്‍ നോക്കി കൊണ്ടിരിക്കുകയായിരുന്ന മദന്‍കുമാറിനെ കൗമാരക്കാരന്‍ പിന്നിലൂടെ വന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ശേഷം തലയറുക്കുകയും ചെയ്തു. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഒരു കുളത്തിലെറിഞ്ഞ് സംഭവസ്ഥലത്തു നിന്നും പ്രതി മുങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു. പോലീസ് അന്വേഷണത്തിനിടെ കൗമാരക്കാരന്‍ പിടിയിലാകുകയും കത്തി കുളത്തില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. പ്രതി ഇപ്പോള്‍ ജുവനൈല്‍ ഹോമിലാണ്.