Sorry, you need to enable JavaScript to visit this website.

റദ്ദാക്കപ്പെട്ട ഐടി നിയമം ചാര്‍ത്തി കേസെടുത്തിട്ടുണ്ടോ? സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂദല്‍ഹി- 2015ല്‍ സുപ്രീം കോടതി റദ്ദാക്കിയ ഐടി നിയമത്തിലെ കിരാത വകുപ്പായ 66എ ചുമത്തി ഇപ്പോഴും പോലീസ് കേസെടുക്കുന്നുവെന്ന പരാതിയില്‍ സുപ്രീം കോടതി നടപടി ആരംഭിച്ചു. ഈ വകുപ്പു ചുമത്തി കേസുകള്‍ എടുത്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നോട്ടീസ് നല്‍കി. എല്ലാ ഹൈക്കോടതികളിലേയും രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കോടതികളുടെ കാര്യം പ്രത്യേകം പരിശോധിക്കും. ഇത് കോടതികളുമായി മാത്രം ബന്ധപ്പെട്ട വിഷയമല്ല, പോലീസ് കൂടി ഉള്‍പ്പെടുന്നതാണ്- ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ പറഞ്ഞു.

ഐടി നിയമത്തിലെ റദ്ദാക്കപ്പെട്ട 66എ വകുപ്പ് ചുമത്തി കേസെടുക്കരുതെന്ന് കേന്ദ്രം ഈയിടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എടുത്തിട്ടുണ്ടെങ്കില്‍ അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നും കേന്ദ്രം സംസ്ഥാനങ്ങലെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സുപ്രീം കോടതി നോട്ടീസും സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. 

റദ്ദാക്കപ്പെട്ട നിയമ വകുപ്പ് ചുമത്തി ആയിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് നേരത്തെ സുപ്രീം കോടതി പറഞ്ഞിരുന്നു. ജസ്റ്റിസുമാരായ നരിമാന്‍, കെ എം ജോസഫ്, ബി ആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് ഇത് ഭീകരമാണെന്നും വിശേഷിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. റദ്ദാക്കപ്പെട്ട നിയമ പ്രയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നേരത്തെ സുപ്രീം കോടതി നല്‍കിയിരുന്നു. ആറ് വര്‍ഷം മുമ്പ് റദ്ദാക്കപ്പെട്ട 66എ വകുപ്പു ചുമത്തി 1,307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂനിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് (പിയുസിഎല്‍) സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
 

Latest News