ന്യൂദല്‍ഹി- എന്‍ഡിഎ ഘടക കക്ഷിയായ ജെഡിയു പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റായി ലലന്‍ സിങ് എംപിയെ നിയമിച്ചു. നിലവിലെ അധ്യക്ഷന്‍ രാജ്യസഭാ എംപിയായ ആര് സി പി സിങ് കേന്ദ്ര മന്ത്രിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. ഒരാള്‍ക്ക് ഒറ്റപ്പദവി എന്നതാണ് പാര്‍ട്ടി നയം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു സ്ഥാപകനുമായ നിതീഷ് കുമാറിന്റെ വിശ്വസ്തനും പാര്‍ട്ടിയിലെ തന്ത്രജ്ഞനുമാണ് രാജീവ് രഞ്ജന്‍ സിങ് എന്ന ലലന്‍ സിങ്. മുംഗറില്‍ നിന്നുള്ള ലോക്സഭാംഗമാണ്. ശനിയാഴ്ച ദല്‍ഹിയില്‍ ചേര്‍ന്ന ജെഡിയു ദേശീയ നിര്‍വാഹകസമിതി യോഗത്തിലാണ് ലലന്‍ സിങിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. നിതീഷ് കുമാര്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. നേരത്തെ ജെഡിയു ബിഹാർ അധ്യക്ഷനും നിതീഷ് മന്ത്രിസഭയിൽ അംഗവുമായിരുന്നു ലലൻ സിങ്.