ന്യൂദല്‍ഹി- പുതിയ ദല്‍ഹി പോലീസ് മേധാവിയായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച രാകേഷ് അസ്താനയെ പദവിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കി. ദല്‍ഹി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. സുപ്രീം കോടതി വിധി ലംഘിച്ചാണ് രാകേഷ് അസ്താനയെ നിയമിച്ചിരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതി വിധി അനുസരിച്ച് നിയമനം നടത്തണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആവശ്യപ്പെട്ടു. ബിഎസ്എഫ് ഡയറക്ടര്‍ ആയിരുന്ന അസ്താന ജൂലൈ 31ന് പോലീസ് സര്‍വീസില്‍ നി്ന്ന് വിരമിക്കേണ്ടതായിരുന്നു. എന്നാല്‍ വിരമിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ആഭ്യന്തര മന്ത്രാലയം തിരക്കിട്ട് അസ്താനയ്ക്ക് ഒരു വര്‍ഷം സര്‍വീസ് നീട്ടി നല്‍കുകയും അതിനു പിന്നാലെ ദല്‍ഹി പോലീസ് കമ്മീഷണറായി നിയമിച്ച് ഉത്തരിവിറക്കുകയുമായിരുന്നു. ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറായ അസ്താനയെ ദല്‍ഹി ഉള്‍പ്പെടുന്ന അരുണാചല്‍ പ്രദേശ്-ഗോവ-മിസോറാം-യൂനിയന്‍ ടെറിറ്ററി കേഡറിലേക്ക് ഡെപ്യൂട്ടേഷനില്‍ മാറ്റിയാണ് പുതിയ നിയമനം. അദ്ദേഹം ബുധനാഴ്ച ചുമതലയേല്‍ക്കുകയും ചെയ്തു.
സര്‍വീസില്‍ വിരമിക്കാന്‍ ആറു മാസത്തില്‍ താഴെ മാത്രം കാലവധി ബാക്കിയുള്ള ഓഫീസര്‍മാരെ പോലീസ് മേധാവിമാരായി നിയമിക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ വിധിയുടെ പശ്ചാത്തലത്തിലാണ് അസ്താന നേരത്തെ സിബിഐ ഡയറക്ടര്‍ പദവിയിലേക്കുള്ള സാധ്യതാ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിയോജിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ പദവിയിലിരിക്കെ വിവാദ നായകനാകുകയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കണ്ണിലുണ്ണി എന്ന കുപ്രസിദ്ധിയുമുള്ള ഉദ്യോഗസ്ഥനാണ് അസ്താന. 2014ല്‍ ബിജെപി അധികാരത്തിലെത്തിയ ശേഷമാണ് അസ്താന ഗുജറാത്ത് വിട്ട് കേന്ദ്ര സര്‍വീസിലെത്തിയതും.