തൃശൂർ - നടി ഭാവനയുടെ വിവാഹം ഈ മാസം 22ന് തൃശൂർ കോവിലകത്തും പാടത്തെ ജവഹർലാൽ കൺവൻഷൻ സെന്ററിൽ നടക്കും. കന്നട സിനിമ നിർമാതാവ് നവീനാണ് വരൻ. അന്നുതന്നെ തൃശൂർ പുഴയ്ക്കൽ ലുലു കൺവൻഷൻ സെന്ററിൽ സ്‌നേഹവിരുന്നും നടത്തും. ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മാത്രമാണ് വിവാഹത്തിന് ക്ഷണം. സിനിമ-രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലുള്ളവർക്കായാണ് ലുലുവിലെ ചടങ്ങ്.
ഇതിനു ശേഷം ബംഗളുരുവിൽ നവീന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി റിസപ്ഷൻ നടത്തും. കേരള സ്റ്റൈലിലായിരിക്കും കല്യാണമെന്ന് ഭാവനയുടെ ബന്ധുക്കൾ അറിയിച്ചു.
മലയാളത്തിനു പുറമെ അന്യഭാഷകളിൽ നിന്നും ഭാവനയ്ക്ക് ഇപ്പോൾ ധാരാളം ഓഫറുകൾ വരുന്നുണ്ടെങ്കിലും വിവാഹം അടുത്തതോടെ തൽക്കാലം പുതിയ സിനിമകളൊന്നും ഏറ്റെടുത്തിട്ടില്ല. വിവാഹശേഷം അഭിനയം തുടരാൻ തന്നെയാണ് ഭാവനയുടെ തീരുമാനം. തൃശൂരിലെ വീട്ടിലുള്ള ഭാവന വിവാഹത്തിന് ഇനി ഒരാഴ്ച മാത്രം അവശേഷിക്കെ വിവാഹക്ഷണത്തിന്റെയും മറ്റും തിരക്കിലാണ്.തികച്ചും ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്നും ബന്ധുക്കൾ പറഞ്ഞു.