Sorry, you need to enable JavaScript to visit this website.

ഹജ്ജ് സബ്‌സിഡിയിലെ യാഥാർത്ഥ്യമെന്ത്?

 സബ്‌സിഡി ഉപയോഗിച്ച് ഹജ്ജിനു പോകുന്നതിനോട് വലിയ വിഭാഗം മുസ്ലിംകൾക്കും യോജിപ്പില്ല. അതിനാൽ സബ്‌സിഡി എടുത്തു കളയണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. തീർത്ഥാടനങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും സർക്കാർ ചെലവഴിക്കുന്ന തുക ആരുടെതെന്ന് നോക്കാതെ നിർത്തലാക്കുന്നതാണ് ഒരു മതേതര രാജ്യത്തിന് അനുയോജ്യം.?
ഹജ്  സബ്‌സിഡി നിർത്തലാക്കിയ കേന്ദ്രസർക്കാർ തീരുമാനമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഹജ്ജ് സബ്‌സിഡി നിർത്തലാക്കിയതായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയാണ് പ്രഖ്യാപിച്ചത്. മതവിശ്വാസപ്രകാരം ഹജ്ജ് നിർബന്ധമായും ചെയ്യേണ്ട ഒരു കർമ്മമല്ല, പണവും ആരോഗ്യവുമുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി, സർക്കാരിന്റെയോ മറ്റുള്ളവരുടെയോ ആനുകൂല്യം വാങ്ങി ചെയ്യേണ്ട കാര്യമില്ല. 

കേരളത്തിലെ ഭരണ, പ്രതിപക്ഷ നേതൃത്വങ്ങൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെങ്കിലും ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങൾക്ക് പേരുകേട്ട ബി.ജെ.പി സർക്കാറിന്റെ പുതിയ നീക്കം അത്ര നിഷ്‌കളങ്കമല്ലെന്നും അഭിപ്രായമുണ്ട്. അതേ സമയം, മറ്റു മതക്കാരുടെ നികുതിപ്പണം ഉപയോഗിച്ച് ഒരു മതക്കാർക്ക് മാത്രം വൻതുക ചെലവിടുന്നത് അവസാനിപ്പിക്കേണ്ട കാലമായെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. നരേന്ദ്ര മോഡി സർക്കാർ ഇതിന് തുടക്കമിടുകയാണെന്നും അവർ പറയുന്നു. 

എന്നാൽ, വസ്തുനിഷ്ഠമായി കാര്യങ്ങളെ സമീപിക്കുമ്പോൾ ഇതൊന്നുമല്ല യാഥാർത്ഥ്യങ്ങൾ. നമ്മുടെ മുന്നിലെത്തുന്നത് അർദ്ധ സത്യങ്ങളോ വളച്ചൊടിക്കപ്പെട്ട സത്യങ്ങളോ ആണ്. ഒരു മതേതര രാജ്യം ഒരു മത വിഭാഗത്തെ മാത്രം പ്രീണിപ്പിക്കും വിധം ഒരു ആരാധനയ്ക്കു എന്തിനു ധനസഹായം നൽകുന്നു എന്ന തികച്ചും മതേതരമായ ഒരു സംശയമാണ് ഹജ് സബ്‌സിഡിയുടെ ഉള്ളറകളിലേക്ക് അന്വേഷണം നടത്താൻ കാരണമായത്. ഈ സാഹചര്യത്തിൽ, ഹജ്ജ് സബ്‌സിഡിയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ പരിശോധിക്കുകയാണ് ഇവിടെ. 

സബ്‌സിഡി തുടങ്ങിയത് എങ്ങനെ?

ഹജ്ജ് തീർത്ഥാടകർക്ക് സൗദിയിലേക്കുള്ള വിമാനയാത്രാ ചെലവിൽ കേന്ദ്ര സർക്കാർ നൽകുന്ന ഇളവാണ് ഹജ് സബ്‌സിഡി. ഹജ്ജ് സബ്‌സിഡി 1954ൽ തുടങ്ങിയ സംവിധാനം ആണ്. അന്നത്തെ സാമ്പത്തിക സ്ഥിതിയിൽ അത്യന്തം ചെലവേറിയ കപ്പൽ യാത്രക്കുള്ള സബ്‌സിഡി ആയിട്ടാണ് ഇത് തുടങ്ങിയത്. പിന്നീട് 1994ൽ കപ്പൽ യാത്രക്കുള്ള സബ്‌സിഡി മുഴുവനായും ഒഴിവാക്കി. സബ്‌സിഡി വിമാന യാത്രക്ക് മാത്രമാക്കി. ഹജ്ജ് സബ്‌സിഡി 1954ൽ തുടങ്ങിയ സംവിധാനം ആണ്.

സബ്‌സിഡി ആർക്കൊക്കെ? 

വർഷം തോറും ഓരോ രാജ്യത്തു നിന്നും ഹജ്ജിനു അനുവദിക്കുന്ന പരമാവധി തീർത്ഥാടകരുടെ എണ്ണത്തിൽ സൗദി സർക്കാർ നിയന്ത്രണം വെക്കാറുണ്ട്. മൂന്നു കൊല്ലം മുൻപേ മസ്ജിദുൽ ഹറമിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ സമയത്തു കുറച്ച കേന്ദ്ര ഹജ് ക്വാട്ട ഈ വർഷമാണ് പുനസ്ഥാപിച്ചത്. 
സൗദി സർക്കാരാണ് ഓരോ വർഷവും ഓരോ രാജ്യത്തുനിന്നുമുള്ള തീർത്ഥാടകരുടെ എണ്ണം നിശ്ചയിക്കുന്നത്. ഇതു പ്രകാരം, മുസ്ലിം ജനസംഖ്യാനുപാതം കണക്കാട്ടി, കേന്ദ്ര ഹജ്ജ് കമ്മറ്റി ഓരോ സംസ്ഥാനങ്ങൾക്കും നിശ്ചിത ക്വാട്ട അനുവദിക്കുന്നു. ഹജ്ജ് തീർത്ഥാടനത്തിന് അപേക്ഷ നൽകിയവരിൽനിന്നും അതാത് സംസ്ഥാനങ്ങൾക്ക് അനുവദിച്ച ക്വാട്ട പ്രകാരം തീർത്ഥാടകരെ തെരഞ്ഞെടുക്കുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഈ നിശ്ചിത തീർത്ഥാടകർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. ഒരു ഇന്ത്യൻ പൗരന് ജീവിതത്തിൽ ഒരു വട്ടം മാത്രമേ കേന്ദ്ര ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിന് പോകാനാവൂ. ഒരാൾക്ക് ഒരു തവണ മാത്രമേ സബ്‌സിഡി ഉപയോഗിച്ച് തീർത്ഥാടനം നടത്താനാവൂ എന്നർതഥം. 

സബ്‌സിഡി എത്ര? 

2016 ൽ ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഓരോ തീർത്ഥാടകനും ഹജ്ജ് യാത്രക്കായി നൽകിയ തുക ഏകദേശം 1,85,000 ആണ്. സൗദിയിലെ താമസത്തിനും, വിസ ചെലവുകൾക്കും, വിമാന ടിക്കറ്റിനും ഹജ്ജിനോടനുബന്ധിച്ചുള്ള ബലി പോലുള്ള ആചാരങ്ങൾക്കുമാണ് ഈ തുക നൽകുന്നത്. അപ്പോൾ സബ്‌സിഡി തുക എവിടെയാണ് ചെലവാക്കുന്നത് എന്ന ചോദ്യം വരുന്നു. 
2012നു മുമ്പേ ഉള്ള കണക്കു പ്രകാരം ഒരു തീർത്ഥാടകന് ഏകദേശം 75,000 രൂപയാണ് സബ്‌സിഡിയായി നൽകുന്നത്. ഇതിൽ ഏകദേശം 73000 രൂപ എയർ ഇന്ത്യക്കു വിമാന യാത്രാ സബ്‌സിഡി ഇനത്തിൽ നൽകുകയാണ്. ബാക്കി 2000 രൂപ ഇവിടുത്തെ വിമാനത്താവളങ്ങളിലും ഹജ്ജ് കേന്ദ്രങ്ങളിലും ഉള്ള മെഡിക്കൽ, ലോജിസ്റ്റിക് സൗകര്യങ്ങൾക്കു കൂടിയുള്ളതാണ്. 75000 രൂപ വിമാന യാത്രാ ചെലവിലേക്കു സർക്കാർ കൊടുക്കുന്നു എന്ന് പറയുമ്പോൾ സ്വാഭാവികമായും നാം മനസിലാക്കുക ഹജ്ജ് യാത്ര തികച്ചും സർക്കാർ ചെലവിലാണ് എന്നായിരിക്കും. പക്ഷെ ഓരോ തീർത്ഥാടകന്റെ കയ്യിൽ നിന്നും 35000 മുതൽ 50000 വരെയുള്ള തുക വിമാന യാത്രക്ക് മാത്രമായി വാങ്ങുന്നുണ്ട്. 
ഓരോ തീർത്ഥാടകന്റെ കയ്യിൽ നിന്നും 35000 മുതൽ 50000 വരെയുള്ള തുക വിമാന യാത്രക്ക് മാത്രമായി വാങ്ങുന്നുണ്ട്. 

സബ്‌സിഡി തുക പോവുന്നത് എങ്ങോട്ട്? 

സാധാരണ ഗതിയിൽ ഡൽഹിയിൽ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്ക റിട്ടേൺ എയർ ഫെയർ അടക്കം വേണ്ടിവരുന്നത് നാല്പതിനായിരം രൂപയാണ്. എന്നാൽ, ഹജ്ജ് കാലത്ത് ഇതല്ല നിരക്ക്. ഒരു ലക്ഷത്തിനു മുകളിലൊക്കെയാണ് ഹജ്ജ്കാലയാത്രക്കുള്ള എയർ ഇന്ത്യാ നിരക്ക്. മുഴുവൻ സീറ്റുകളും നിറഞ്ഞു പോകുന്ന യാത്രക്കാണ് ഇതെന്നു കൂടി ഓർത്താൽ ഇതിന്റെ ഗൗരവം ബോധ്യമാവും. വർഷാ വർഷം ഇന്ത്യാ ഗവണ്മെന്റ് നിശ്ചയിക്കുന്ന ആളോഹരി ഹജ്ജ് സബ്‌സിഡിക്ക് അനുസൃതമായാണ് എയർ ഇന്ത്യ അതാത് കാലത്തെ ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിക്കുന്നത്. അതായത്, ഹജ്ജ് സബ്‌സിഡി എന്ന് പറഞ്ഞു സർക്കാർ കൊടുക്കുന്ന തുകയിൽ ഭൂരിഭാഗവും പോവുന്നത് ഹജ്ജ് കാലത്ത് ക്രമാതീതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്ന എയർ ഇന്ത്യയുടെ ഖജനാവിലേക്കാണ്. (പൊതു മേഖലാ സ്ഥാപനം ആയതിനാൽ അത് തിരിച്ചു ഉറവിടത്തിലേക്കു തന്നെ വരുന്നു എന്ന് ആശ്വസിക്കാം)

സ്വകാര്യ ഏജൻസി വഴി പോയാലോ?

സർക്കാർ ക്വാട്ടക്കു പുറമെ സൗദി സർക്കാർ ഒരു െ്രെപവറ്റ് ടൂർ ഓപ്പറേറ്റർ ക്വാട്ട കൂടി അനുവദിച്ചിട്ടുണ്ട്. സ്വകാര്യ ഏജൻസികളാണ് ഈ ക്വാട്ടവഴി തീർത്ഥാടകരെ കൊണ്ടുപോവുന്നത്. ഇങ്ങനെ പോകുന്ന ഒരു ഇന്ത്യൻ തീർത്ഥാടകന് ഏകദേശം രണ്ടര ലക്ഷം രൂപയോളം ആണ് ചെലവ് വരുന്നത്. അവരും വിമാന ചാർജ് നിശ്ചയിക്കുന്നത് എയർ ഇന്ത്യയുടെ നിരക്കിലാണ്. എന്നാൽ, തീർത്ഥാടകരെ കൊണ്ട് പോകുന്നത് നിരക്ക് വളരെ കുറഞ്ഞ മറ്റു എയർ ലൈനുകളിലും. അതാണ് സ്വകാര്യ ഏജൻസികളുടെ പ്രധാന ലാഭം. എന്നാൽ, ഒരു ഇന്ത്യൻ തീർഥാടകനെ സംബന്ധിച്ചിടത്തോളം, ഹജ്ജ് കമ്മറ്റി വഴിയായാലും സ്വകാര്യ ഏജൻസി വഴി ആയാലും തീർത്ഥാടന ചെലവ് ഏതാണ്ട് തുല്യമാണ്. ഹജ്ജ് കമ്മിറ്റി വഴി പോവുന്നവർക്ക് സബ്‌സിഡി വഴി 75, 000 രൂപയുടെ കുറവ് വരുമെന്നു മാത്രം.
ഹജ്ജ് സബ്‌സിഡി എന്ന് പറഞ്ഞു സർക്കാർ കൊടുക്കുന്ന തുകയിൽ ഭൂരിഭാഗവും പോവുന്നത് ഹജ്ജ് കാലത്ത് ക്രമാതീതമായി ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്ന എയർ ഇന്ത്യയുടെ ഖജനാവിലേക്കാണ്

സബ്‌സിഡി ഒഴിവാക്കൽ പുതിയ കാര്യമാണോ?

സ്വന്തം അദ്ധ്വാനത്തിൽ നിന്നും സംഭരിച്ച, ഒരു ബാധ്യത പോലും ഇല്ലാത്ത ധനം കൊണ്ട് മാത്രമേ ഹജ്ജ് ചെയ്യാവൂ എന്നാണ് മതനിയമം, (താൻ വിറ്റ മരത്തിനു പോടുള്ളത് കൊണ്ട് ആ വിൽപ്പന ഹലാൽ അല്ല എന്നു പറഞ്ഞു ഹജ്ജ് യാത്ര വേണ്ടെന്നു വെച്ച ആദാമിന്റെ മകൻ അബു സിനിമ സീൻ ഓർമയില്ലേ) ഹജ്ജ് സബ്‌സിഡി ഉപയോഗിക്കുമ്പോൾ മേൽപ്പറഞ്ഞ മതനിയമം പാലിക്കപ്പെടുന്നുണ്ടോ എന്നതിനെ കുറിച്ച് എല്ലാ കാലത്തും മുസ്ലിംകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതിനെ പലരും ന്യായീകരിച്ചിരുന്നത് സ്വന്തം നികുതിപ്പണത്തിൽ നിന്നാണല്ലോ സബ്‌സിഡി എന്ന നിലയിലായിരുന്നു. സർക്കാർ വിമാന യാത്രാക്കൂലി നിയന്ത്രിക്കാത്തതു കൊണ്ടാണ് സബ്‌സിഡി കൊടുക്കേണ്ടി വരുന്നത് എന്ന തൊടുന്യായങ്ങളും നിരന്നു.

2012ൽ സുപ്രീം കോടതിയിലെ ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ഹജ്ജ് സബ്‌സിഡി മതനിയമങ്ങൾക്കു എതിരാണെന്ന് വ്യക്തമാക്കി. ഖുർആനിലെ 'ആലു ഇമ്രാൻ' അധ്യായത്തിലെ ഒരു സൂക്തം ഉദ്ധരിച്ചു കൊണ്ട് സുപ്രീം കോടതി സബ്‌സിഡി പണം പിന്നാക്കം നിൽക്കുന്ന മുസ്ലിംകളുടെ വിദ്യാഭ്യാസത്തിനും സാമൂഹ്യ പരിഷ്‌കരണത്തിനും ആണ് ചെലവഴിക്കേണ്ടതെന്നും നിരീക്ഷിച്ചു. പത്തു വർഷം കൊണ്ട് പ്രതിവർഷം പത്ത് ശതമാനം വീതം കുറച്ച് 2022 ആവുമ്പോളേക്കും സബ്‌സിഡി മുഴുവനായും നിർത്തലാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ 2017 ഓടെ സബ്‌സിഡി പൂർണ്ണമായി നിർത്തലാക്കാം എന്നും ഉറപ്പു നൽകി. തീർത്ഥാടകരുടെ സാമ്പത്തിക നില അനുസരിച്ചു പണമുള്ളവനിൽ നിന്നും കൂടുതൽ പണം ഈടാക്കി പാവപ്പെട്ടവന് ഹജ്ജ് യാത്രക്ക് സഹായം നൽകുന്ന പദ്ധതി ഉണ്ടാക്കാമെന്നും സർക്കാർ അന്ന് വ്യക്തമാക്കി.

മോദിയും സബ്‌സിഡിയും തമ്മിലെന്താണ്?

പറഞ്ഞുവരുന്നത് ഇതാണ്. ചിലർ അവകാശപ്പെടുകയും മറ്റു ചിലർ വിമർശിക്കുകയും ചെയ്യുന്നത് പോലെ നരേന്ദ്രമോദി ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നു എന്ന പ്രചാരണത്തിൽ ഒരു കാര്യവുമില്ല. ഹജ്ജ് സബ്‌സിഡി നിർത്തലാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളിൽ ബിജെപിക്ക് ഒരു റോളും ഇല്ല. ഹിന്ദുക്കളുടെ നികുതി ഉപയോഗിച്ച് മുസ്ലിംകൾക്ക് മാത്രം സഹായം നൽകുന്നു എന്ന പ്രചാരണമാണ് പലപ്പോഴും ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ചിലർ ഉയർത്താറുള്ളത്. ഒരു കാമ്പുമില്ലാത്ത ആരോപണമാണിത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും പല തീർത്ഥയാത്രകൾക്കും ധന സഹായം നൽകുന്നുണ്ട്. മാനസ സരോവർ യാത്രക്കും, കുംഭമേളക്കും സബ്‌സിഡി ഉണ്ട്. ഈയിടെ ശ്രീലങ്കയിൽ നടന്ന ക്രിസ്ത്യൻ വാഴ്ത്തപ്പെടൽ ചടങ്ങിന് പോകാൻ എയർ ഫെയർ സബ്‌സിഡി നൽകിയത് ബിജെപി ഭരിക്കുന്ന ഗോവൻ സർക്കാർ ആയിരുന്നു. കോൺഗ്രസും സമാന കക്ഷികളും മാത്രമാണ് മത പ്രീണനം നടത്തുന്നത് എന്ന് ബിജെപി ആരോപിക്കുന്ന പശ്ചാത്തലത്തിൽ ഇക്കാര്യം ശ്രദ്ധേയമാണ്. എങ്കിലും തീർത്ഥാടന സ്ഥലത്തേക്കുള്ള വിമാനദൂരം കൂടുതലായതിനാൽ, ഹജ്ജ് സബ്‌സിഡി തന്നെയാണ് കൂട്ടത്തിൽ കൂടുതൽ എന്നത് വസ്തുതയാണ്.നരേന്ദ്രമോദി ഹജ്ജ് സബ്‌സിഡി എടുത്തു കളയുന്നു എന്ന പ്രചാരണത്തിൽ ഒരു കാര്യവുമില്ല.

സബ്‌സിഡി ഇല്ലാതാക്കിയാൽ എന്ത് സംഭവിക്കും?

സബ്‌സിഡി നിർത്തലാക്കിയാൽ വിമാന യാത്ര നിരക്ക് മൂലം ചെലവ് കുതിച്ചുയരും എന്നത് ഒരു വസ്തുതയാണ്. ഉയർന്ന നിരക്കിന് എയർ ഇന്ത്യ നൽകുന്ന ന്യായം ഹജ്ജ് യാത്രക്ക് വേണ്ടി എയർ ഇന്ത്യക്ക് നാല് പറക്കലുകൾ വേണ്ടിവരുന്നു എന്നതാണ്. അതായത് ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് ആളുകളുമായി പോയി തിരിച്ചു കാലിയായി വരുന്നു. ഹജ്ജിനു ശേഷം തീർത്ഥാടകരെ കൊണ്ടുവരാൻ പോവുമ്പോൾ കാലിയായി ചെന്ന് ഇങ്ങോട്ടു തീർത്ഥാടകരുമായി വരുന്നു എന്ന കാര്യം. അതിലൊരു ന്യായം നമുക്കും തോന്നാം. 
എന്നാൽ, ഇത്തരം ചാർട്ടേർഡ് യാത്രകൾക്ക് റിട്ടേൺ ടിക്കറ്റ് ഫെയർ ഈടാക്കുന്ന പതിവില്ല എന്നതാണ് വാസ്തവം.

എയർ ഇന്ത്യയ്ക്കാര് മണികെട്ടും? 

എന്നാൽ, എയർ ഇന്ത്യ ഇക്കാര്യത്തിൽ നടത്തുന്നത് തീവെട്ടി കൊള്ളയാണ്. നിലവിൽ ഹജ്ജ് യാത്രക്ക് എയർ ഇന്ത്യ ഈടാക്കുന്നത് ഏതാണ്ട് 1,20,000 രൂപയാണ് (ഇത് ചില ഇന്ത്യൻ എയർപോർട്ടുകളിൽ 165000 രൂപ വരെ ആകാറുണ്ട്). അതായതു രണ്ടു വട്ടം സൗദിയിൽ പോയി വരുന്ന കണക്കിനുള്ള ടിക്കറ്റ് ചാർജ്. ഇതിൽ 47000 രൂപയോളം തീർഥാടകനും ബാക്കി സബ്‌സിഡിയും വഹിക്കുന്നു. 
അയാട്ടയുടെ കണക്കു പ്രകാരം കൺസോളിഡേറ്റഡ് ഫ്‌ലൈറ്റ് ചാർജ് (അതായത് മുഴുവൻ സീറ്റുകളും ബുക്ക് ചെയ്തു പോകുമ്പോൾ ആളോഹരി വരുന്ന വിമാനയാത്രാക്കൂലി) സാധാരണ നിരക്കിനേക്കാൾ മൂന്നിലൊന്നേ വരുന്നുള്ളൂ. അതു പ്രകാരം നാൽപത്തിനായിരത്തിൽ ഒതുങ്ങേണ്ട നിരക്കാണ് ഇത്. (അതായത്, എയർ ഇന്ത്യ നിരക്ക് ന്യായമെങ്കിൽ, ഒരു തീർത്ഥാടകന് സബ്‌സിഡി ഇല്ലാതെ, ഇന്ന് കൊടുക്കുന്ന അതേ തുകക്ക് പോയിവരാനാവും). മാത്രവുമല്ല എയർ ഇന്ത്യ ന്യായ വിലയ്ക്ക് ടിക്കറ്റ് കൊടുക്കുകയാണെങ്കിൽ തീര്ഥാടകന് സബ്‌സിഡി ഇല്ലാതെയും ഇന്ന് കൊടുക്കുന്ന അതെ തുകക്ക് യാത്ര പോകാനാവും. 

സർക്കാർ സബ്‌സിഡി നിർത്തലാക്കിയാൽ മാത്രം പോരാ. വിമാനയാത്രക്കൂലി നിശ്ചയിക്കുന്നതിലെ കൊള്ള അവസാനിപ്പിക്കണം. സബ്‌സിഡി മനസ്സിൽ കണ്ടുള്ള എയർ ഇന്ത്യയുടെ ചൂഷണം അവസാനിപ്പിക്കണം. അതിനു കൂടി സർക്കാർ ഇടപെടണം. സബ്‌സിഡി നിർത്തലാക്കുന്നതിന്റെ പരിക്കിൽ നിന്ന് തീർത്ഥാടകന് രക്ഷപ്പെടാൻ അത് അനിവാര്യമാണ്. ഇതിന്, എയർ ഇന്ത്യക്കു അടക്കം പങ്കെടുക്കാവുന്ന തരത്തിൽ ആഗോള ടെൻഡർ വിളിച്ചു നിരക്ക് നിശ്ചയിക്കുന്നതാണ് ഒരു മാർഗ്ഗം. ഒരു ലക്ഷത്തോളം പേർക്ക് മുപ്പതിനായിരം വെച്ച് കണക്കാക്കിയാൽ പോലും ഏകദേശം മുന്നൂറു കോടിയുടെ ബിസിനസ് ആയതു കൊണ്ട് വിമാന കമ്പനികൾ മത്സരിച്ചു നിരക്ക് കുറയ്ക്കും എന്നതിൽ സംശയമില്ല. 
എയർ ഇന്ത്യ നിരക്ക് ന്യായമെങ്കിൽ, ഒരു തീർത്ഥാടകന് സബ്‌സിഡി ഇല്ലാതെ, ഇന്ന് കൊടുക്കുന്ന അതേ തുകക്ക് പോയിവരാനാവും
ഈ അഴിമതിയും നിർത്തേണ്ടതല്ലേ?
ഹജ്ജ് കമ്മറ്റിയും നിലവിലുള്ള സംവിധാനങ്ങളും എപ്പോഴും അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും കൂത്തരങ്ങുകൾ ആയിരുന്നു. സർക്കാർ ഓരോ സംസ്ഥാനത്തിനും നിശ്ചയിക്കുന്ന ക്വാട്ടയ്ക്കു പുറമെ ഏതാണ്ട് പതിനായിരത്തോളം സീറ്റുകൾ വിഐപി റെക്കമെൻഡേഷന് വേണ്ടി വെക്കും. ആ സീറ്റുകളും, അപേക്ഷകർ കുറഞ്ഞതിനാൽ, പല സംസ്ഥാനങ്ങളിലും ബാക്കി വരുന്ന ക്വാട്ട സീറ്റുകളും വിദേശ മന്ത്രാലയത്തിലും ഹജ്ജ് കമ്മറ്റിയിലും ഉള്ള പ്രമുഖരുടെ ബിനാമി പേരുകളിലുള്ള സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി കൂടിയ വിലക്ക് കൊടുക്കും. ഇ. അഹമ്മദ് വിദേശ കാര്യ സഹമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിനെതിരെ ഉയർന്ന ഒരു പ്രധാന ആരോപണം ഇതായിരുന്നു. ഇത് എക്കാലത്തും നടന്നു വരുന്ന സമ്പ്രദായവുമാണ്.

പാഴ്ചെലവ് കുറച്ചുകൂടേ? 

മറ്റൊന്ന് കൂടി പറഞ്ഞു നിർത്താം. ഓരോ വർഷവും ഹജ്ജ് കാലത്തു സർക്കാർ ചെലവിൽ മൂവായിരത്തോളം ഉദ്യോഗസ്ഥ മന്ത്രാലയ പ്രതിനിധികൾ ഹജ്ജ് യാത്ര നടത്തുന്നുണ്ട്. ഇവരെ കൊണ്ട് ഹജ് തീർത്ഥാടകർക്ക് യാതൊരു ഉപയോഗവും ഇല്ല. മാത്രവുമല്ല ഹജ്ജുമായി ബന്ധപ്പെട്ട അഴിമതിയിൽ ഈ ഗ്രൂപ്പിന് വലിയൊരു പങ്കും ഉണ്ട്. 2012 ലെ വിധിയിൽ സുപ്രീം കോടതി പറഞ്ഞത് പോലെ ഈ കൂട്ടത്തെ വളരെ അത്യാവശ്യമുള്ള എമിഗ്രെഷൻ, മെഡിക്കൽ, ഡിപ്ലോമാറ്റിക് ഉദ്യോഗസ്ഥരുടെ, ഏറിവന്നാൽ 300 പേർമാത്രം അടങ്ങുന്ന സംഘമായി കുറക്കേണ്ടതുണ്ട്. സർക്കാരിനുണ്ടാവുന്ന ദുഷ്‌ചെലവ് കുറക്കാൻ ഇതും സഹായകമാവും.

മതേതര രാജ്യത്തിന് അനുയോജ്യമായത്

ആവശ്യത്തിന് സാമ്പത്തിക, ഭൗതിക ശേഷി ഉള്ളവർക്ക് മാത്രം നിർബന്ധമായ ഒരു കർമ്മമായാണ് ഇസ്ലാം ഹജ്ജിനെ അനുശാസിക്കുന്നത്. സ്വന്തം അദ്ധ്വാനത്തിൽ നിന്നും സംഭരിച്ച, ഒരു ബാധ്യത പോലും ഇല്ലാത്ത ധനം കൊണ്ട് മാത്രമേ ഹജ്ജ് ചെയ്യാവൂ എന്നാണ് മതനിയമം. അത് കൊണ്ട് തന്നെ സബ്‌സിഡി ഉപയോഗിച്ച് ഹജ്ജിനു പോകുന്നതിനോട് വലിയ വിഭാഗം മുസ്ലിംകൾക്കും യോജിപ്പില്ല. അതിനാൽ സബ്‌സിഡി എടുത്തു കളയണം എന്ന് തന്നെയാണ് എന്റെയും അഭിപ്രായം. തീർത്ഥാടനങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും സർക്കാർ ചെലവഴിക്കുന്ന തുക ആരുടെതെന്ന് നോക്കാതെ നിർത്തലാക്കുന്നതാണ് ഒരു മതേതര രാജ്യത്തിന് അനുയോജ്യം.
 

Latest News