വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പടയോട്ടം കഴിഞ്ഞപ്പോൾ മലൈക്കോട്ടെ വാലിബൻ എന്ന ലിജോ-മോഹൻലാൽ സിനിമയിൽ തെളിയുന്നത് കലാമൂല്യത്തിന്റെയും അഭിനയതികവിന്റെയും മുദ്ര. ഇന്നലെ സോഷ്യൽ മീഡിയകളിൽ സിനിമക്ക് എതിരെ നടന്ന വൻ ക്യാംപയിൻ പരിഗണിക്കാതെ സിനിമ മികച്ച പ്രേക്ഷകാഭിപ്രായം നേടിത്തുടങ്ങി. മോഹൻലാലിന്റെ കടുത്ത ആരാധകരെ പോലും നിരാശയിലാക്കുന്ന തരത്തിലാണ് ഇന്നലെ സിനിമക്ക് എതിരെ ക്യാംപയിൻ നടന്നത്. സിനിമ റിവ്യൂ നടത്തുന്ന ഒട്ടുമിക്ക സോഷ്യൽ മീഡിയ ഹാൻഡിലുകളും സിനിമക്ക് മോശം റിവ്യൂ നൽകുകയും ചെയ്തു. അമൽ നീരദിന്റെ കരയറിലെ ഏറ്റവും മോശം സിനിമ എന്നാണ് ഒരാൾ വിശേഷിപ്പിച്ചത്.
അതേസമയം, ആദ്യദിവസത്തെ ബഹളങ്ങൾക്കിടയിൽ സിനിമയെ ഗൗരവമായി നിരീക്ഷിക്കുന്നവർ മലയാള ചലച്ചിത്രത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്ന സിനിമ എന്നാണ് മലൈക്കോട്ടെ വാലിബനെ വിശേഷിപ്പിക്കുന്നത്.
പ്രശസ്ത ഡിസൈനർ സൈനുൽ ആബിദ് (Dzain ഡിസൈൻ സ്റ്റുഡിയോ- കൊച്ചി) സിനിമയെ വിലയിരുത്തിയത് വായിക്കാം;
എണ്ണത്തിൽ വളരെ കുറഞ്ഞ വിവരദോഷികൾക്ക് വശംവദരാവേണ്ടി വരികയും ഐക്യപ്പെടേണ്ടി വരികയും ഒടുവിൽ അക്കൂട്ടത്തിലെ ഒരു പോരാളിയായി പരിണമിക്കേണ്ടിയും വരിക എന്നതാണ് ഇക്കാലത്ത് മനുഷ്യർ അയത്‌ന ലളിതമായി എത്തിപ്പെടുന്ന ഏറ്റവും ദയനീയ സ്ഥലം. സോഷ്യൽ മീഡിയ.
ചീപ്പെസ്റ്റ് ഫെയറില്‍ ചതിക്കുഴികളുണ്ട്; പ്രവാസികള്‍ വിമാന ടിക്കറ്റെടുക്കുമ്പോള്‍ ശ്രദ്ധിക്കണം
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല
രാഷ്ടീയത്തിലുമതെ, കലയിലുമതെ. പെട്ടവർ ആകെ ഇക്കാര്യത്തിൽ ചെയ്തിട്ടുണ്ടാവുക അശ്രദ്ധമായി അല്പം ഇരുന്നതാവും.
മലയാള സിനിമയെ ദൃശ്യപരതയിലേക്ക് തിരിച്ചു കൊണ്ടുവന്നയാളാണ് ലിജോ. തിരിച്ചു എന്ന് ഒഴിവാക്കി വായിച്ചാലും തെറ്റില്ല.
ലിജോ ഇവിടെയില്ലെങ്കിൽ പരിമിതവും കംഫേർട്ടുമായ ഒരു ദൂരത്തിരുന്ന് ഇതാണ് സിനിമയെന്ന് മനസിലാക്കി തിരിച്ചു പോകേണ്ടിയിരുന്നവരായിരുന്നു നമ്മൾ. ലിജോ ഉണ്ട്. ദൃശ്യ കല്പനയുടെ മുരടൻ കാളപ്പുറത്തിരുന്ന്, നമുക്ക് സാധിക്കുന്നിടത്തൊക്കെ പിടിച്ച് ലിജോ കൂട്ടിക്കൊണ്ടുപോകുന്ന വിചിത്ര സ്ഥലങ്ങൾ പരമാവധി കണ്ടു തിരിച്ചു വരിക. അസ്വസ്ഥത കണക്കിലെടുക്കരുത്. താഴെ വീണവരെയും. (കയറാത്തവരെയും)
വാലിഭന് വേണ്ടി എഫേർട്ടെടുത്ത എല്ലാവർക്കും നന്ദി.
'തിരിയാത്തോന് തൊട്ടിലിൽ കേറിയാലും തിരിയൂല.
വി.കെ ജോബിഷ് എഴുതിയത്.
മലൈക്കോട്ടൈ വാലിബൻ, മലയാളം ലോകത്തോളം വാലിബനെപ്പറ്റി അവന്റെ ആശാൻ ഉച്ചത്തിലുച്ചത്തിൽ ഇടയ്ക്കിടയ്ക്ക് പറയുന്ന ഒരു വാക്യമുണ്ട്. അതിങ്ങനെയാണ്, എന്റെ ലക്ഷിയത്തെ നിറവേറ്റിയവൻ. അത്ഭുതപ്പിറവി.!'
മലയാള സിനിമയുടെ ഇക്കണ്ടകാലമായുള്ള കാണി എന്ന നിലയിൽ ഉച്ചത്തിലുച്ചത്തിൽ അതുതന്നെയാണ് ആവർത്തിക്കാനുള്ളത്. 'അത്ഭുതപ്പിറവി. അതെ; ലിജോ ജോസ് മലയാള സിനിമയുടെ ലക്ഷ്യം നിറവേറ്റാൻ ജനിച്ച അത്ഭുതപ്പിറവിയാണ്.
പ്രിയപ്പെട്ടവരേ,
മലയാള സിനിമ അതിന്റെ അനർഘ നിമിഷത്തിലൂടെ കടന്നുപോകുകയാണ്. അതിന് നിങ്ങൾ സാക്ഷിയാകാതെ പോകരുത്. അത്രമാത്രമേ ഇപ്പോൾ പറയാനുള്ളൂ. കണ്ടുമതിയായിട്ടില്ല ഈ ദൃശ്യഭാവന. തിയറ്ററിൽ നിന്ന് തിരിച്ചെത്തിയിട്ടും ഓർത്തോർത്ത് മലൈക്കോട്ടൈയിൽ തടവിലായിപ്പോയ നിമിഷങ്ങളാണ് ഇന്നലെ രാത്രി മുഴുവനും. ഓരോ ദൃശ്യവും മിന്നൽപോലെ തൊട്ടുപാഞ്ഞവ. ഓരോ ശബ്ദവും ആഴത്തിലാഴത്തിൽ പാർപ്പുറപ്പിച്ചവ. ആകപ്പാടെ,
നിന്നിലും മീതേ ഉണർത്തുന്നതൊന്നുമില്ലിനിയെന്ന തോന്നൽ. അതുകൊണ്ടാണീ പുലർച്ചയിൽ ഇത്രയെങ്കിലും.
ഈ.മ.യൗ വും നൻപകൽ നേരത്ത് മയക്കവും മലൈക്കോട്ടൈ വാലിബനും ഒരാളിൽ നിന്നുണ്ടായതാണെന്ന് പറഞ്ഞാൽ ലോകം അവിശ്വസിക്കും. കാരണം ഓരോന്നും സിനിമയിലെ സ്മാരകശിലകളാണ്. വിചിത്രങ്ങളായ ഭാവനയിൽ നിറഞ്ഞ ഒരാളിലേക്കുതന്നെ നോക്കി സന്ദേഹത്തോടുകൂടിയുള്ള നമ്മുടെയീ അവിശ്വാസപ്പെടലിനെയാണ് പലപ്പോഴും നാം അത്ഭുതമായെണ്ണാറുള്ളത്. മനം നിറയ്ക്കാൻ മലയാളത്തെ കവിഞ്ഞു പരക്കുന്നൊരാളുകൂടിയുള്ളതിന്റെ ആഹ്ലാദം.
മറ്റൊന്നുമില്ല.
ലിജോ ജോസ് പെല്ലിശ്ശേരി എനിക്ക് പല ലിപികളാൽ നിറഞ്ഞ മനോഹരമായ ഭിത്തിയാണ്.!. ഇനിയും ഇക്കളി തുടരുക
സംവിധായകനും നടനുമായ മധുപാൽ എഴുതിയത്.
ലിജോ ജോസ് പെല്ലിശേരിയുടെ മൂന്നു ചിത്രങ്ങൾ. ഡബിൾ ബാരൽ, നൻപകൽ നേരത്ത് മയക്കം,ഇപ്പോൾ ഇതാ
മലൈക്കോട്ട വാലിബൻ. മലയാള സിനിമ കണ്ടിട്ടില്ലാത്ത അത്ഭുതം. ഫാന്റസിയുടെ അത്ഭുതം. സാങ്കേതികതയിലെ അത്ഭുതം. അത്ഭുതപിറവിയിലൂടെ ഒരത്ഭുതം.
വെറും കഥകൾ പറയുകയല്ല ചലച്ചിത്രം. പ്രിയപ്പെട്ടവരേ, അത് നിങ്ങളോട് മറ്റൊരു ഭാഷയിൽ സംസാരിക്കുന്നുണ്ട്
ഈ സിനിമകളിൽ അത് കാണാം.... കേൾക്കാം...ചലച്ചിത്രശാലകളിൽ മാത്രമേ നിങ്ങൾക്കത് അനുഭവിക്കുവാൻ കഴിയൂ..
പ്രിയപ്പെട്ട ലിജോ, സ്വപ്നങ്ങൾ യാഥാർഥ്യമാക്കുകയാണ് ഒരു കലാകാരന്റെ വഴികൾ.
ആ സ്വപ്നങ്ങളിലേക്ക് നിങ്ങൾ കൂടെ കൂട്ടിയ അഭിനന്ദ് രാമാനുജൻ, തേനി ഈശ്വർ, മധു നീലകണ്ഠൻ. സിനിമയുടെ ഭാഷ വായിച്ച മൂന്നുപേർ. കുട്ടിക്കാലത്ത് വായിച്ച അത്ഭുതകഥകളുടെ സാക്ഷത്ക്കാരം. ഈ ചിത്രങ്ങൾ എന്റെ ഇഷ്ടചിത്രങ്ങളുടെ കൂട്ടത്തിൽ ഉള്ളതാണ്. എന്നും കാലം അടയാളപ്പെടുത്തുന്ന ചിത്രങ്ങൾ നൽകിയതിന് അഭിനന്ദനങ്ങൾ.
മാധ്യമ പ്രവർത്തകൻ സുജിത് ചന്ദ്രൻ എഴുതിയത്.
സോഷ്യൽ മീഡിയയിൽ ഏതൊരു വിഷയത്തിലും ആദ്യം കൂട്ടത്തോടെ വരുന്ന കമന്റുകൾ പിന്നീടുള്ള അഭിപ്രായത്തെ സ്വാധീനിക്കുന്നത് മാറിനിന്നു കാണാൻ തമാശയാണ്. പൊതുവായി രൂപപ്പെട്ട/പെടുത്തിയ അഭിപ്രായത്തോട് നിങ്ങൾക്ക് പൂർണവിയോജിപ്പാണെങ്കിലും സ്വന്തം കാഴ്ചപ്പാട് പൊതിഞ്ഞുപറയാനേ തോന്നൂ. അല്ലെങ്കിൽ നമ്മൾ പോലുമറിയാതെ ഭൂരിപക്ഷത്തിന്റെ നിർമിത അഭിപ്രായത്തോട് നമ്മളങ്ങ് യോജിക്കും.
മലൈക്കോട്ടൈ വാലിബൻ ഉഗ്രൻ സിനിമയാണെന്ന് വീണ്ടും ആവർത്തിക്കുന്നു. തീയേറ്റർ കാഴ്ച നഷ്ടപ്പെടുത്തിയാൽ ഇക്കാലത്തെ ഏറ്റവും നല്ല സിനിമാനുഭവങ്ങളിലൊന്ന് കിട്ടാതെപോകും. തീയേറ്ററിൽ ചില വളിപ്പ് കമന്റുകളെല്ലാം കേട്ടേക്കും, വല്ലവരുടേം ചർദ്ദി വാരിത്തിന്നിട്ടുവന്ന ചിന്താശേഷിയില്ലാത്ത കൂട്ടങ്ങളാണ്. സ്വന്തമായൊരു കാഴ്ചയ്ക്ക് ശേഷിയില്ലാത്തവരോട് സഹതപിക്കുക.