ന്യൂദൽഹി -വടക്കു കിഴക്കൻ ദൽഹിയിൽ യുവാവ് ഭാര്യയേയും 18 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും കുത്തിയും അടിച്ചും കൊലപ്പെടുത്തി. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശബ്ദം കേട്ട് ഉണർന്ന ഇവരുടെ ആറും നാലും വയസ്സുള്ള മറ്റു രണ്ടു മക്കളുടെ മുമ്പിലിട്ടായിരുന്നു ക്രൂര കൃത്യമെന്ന് പോലീസ് പറഞ്ഞു. കൊല നടത്തിയ ശേഷം മുങ്ങിയ പ്രതി ഓം പ്രകാശ് കുമാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ദൽഹിയിലെ ജഹാംഗിർപുരിയിലാണ് ദാരുണമായ സംഭവം നടന്നത്.
പിഞ്ചു കുഞ്ഞിനെ ഹാമർ ഉപയോഗിച്ച് തലക്കടിച്ചും 30കാരിയായ ഭാര്യയെ അടിവയറ്റിലും മാറിലും കുത്തിയുമാണ് കൊലപ്പെടുത്തിയത്. രാത്രി ഒമ്പതിനു 11 മണിക്കുമിടെയാണ് സംഭവം. അടിയുടെ ആഘാതത്തിൽ തലയോട്ടി തകർന്ന പിഞ്ചു ബാലൻ രക്തം വാർന്നാണ് മരിച്ചത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസീന്റെ പ്രാഥമിക നിഗമനം. പിഞ്ചു കുഞ്ഞ് തന്റേതല്ലെന്നും ഇയാൾ വിശ്വസിച്ചിരുന്നു. മറ്റു രണ്ടു മക്കളെ ഇയാൾ ആക്രമിച്ചിട്ടുമില്ല. സംഭവത്തിനു ദൃക്‌സാക്ഷികളായ കുട്ടികൾ ഞെട്ടലിൽ നിന്ന് ഇനിയും മോചിതരായിട്ടില്ല.
ചൊവ്വാഴ്ച രാവിലെ പ്രതിയുടെ അച്ഛൻ ഇവരുടെ മുറിയിലെത്തിയപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. 13 വർഷം മുമ്പാണ് ദമ്പതികൾ വിവാഹിതരായത്. പെയ്ന്റിങ് ആണ് കുമാറിന്റെ ജോലി. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും പോലീസ് പറഞ്ഞു. സ്ത്രീധന പീഡനത്തിന് കുമാറിനെതിരെ നേരത്തെ ഭാര്യ പരാതി നൽകിയിരുന്നു. പിന്നീട് പിൻവലിക്കുകയായിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അസ്ലം ഖാൻ പറഞ്ഞു.