നാളികേര കർഷകർക്ക് ഇനി ആശ്വാസത്തിന്റെ ദിനങ്ങളാവും. 10,000 രൂപയിലെ താങ്ങ് നിലനിർത്തുന്നതിൽ കാങ്കയം കൊപ്ര വിപണി കൈവരിച്ച നേട്ടം ഓണക്കാലത്ത് ഉൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറപ്പ് വരുത്താൻ അവസരം ഒരുക്കാം. താഴ്ന്ന വിലയ്ക്ക് മില്ലുകാർ കനത്ത തോതിൽ കൊപ്ര ശേഖരിച്ചു. പിന്നിട്ട മൂന്നാഴ്ചകളിൽ മില്ലുകാർ കൊപ്ര സംഭരണത്തിന് കാണിച്ച താൽപര്യം കണക്കിലെടുത്താൽ ഓണവേളയിൽ കൊപ്രയ്ക്ക് 11,000 ത്തിന് മുകളിലെത്താം. കാങ്കയത്ത് കൊപ്ര വില 10,200 ൽ നിന്ന് 10,500 ലേക്ക് കയറി. കൊച്ചിയിൽ കൊപ്ര 10,100 രൂപയിൽ നിന്ന് 10,400 രൂപയായി. അതേ സമയം കഴിഞ്ഞ രണ്ടാഴ്ചയായി കൊച്ചിയിൽ വെളിച്ചെണ്ണ 16,600 രൂപയിൽ സ്റ്റെഡിയാണ്. എണ്ണ വിപണിയുടെ സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ തിരുവോണ വേളയിൽ നിരക്ക് 17,500-18,000 ത്തിലേക്ക് ചുവടുവെക്കാം.
ഉത്സവ ആവശ്യങ്ങൾക്കായി ആഭ്യന്തര വ്യാപാരികൾ കുരുമുളക് സംഭരിക്കുന്നുണ്ട്. രണ്ടാഴ്ചയായി കിലോ 420 രൂപയിൽ നിലകൊണ്ട ഗാർബിൾഡ് മുളകിന് ഈ നിർണായക പ്രതിരോധം തകർക്കാൻ കഴിയാഞ്ഞത് മൂലം 419 ലേക്ക് താഴ്ന്നു. മുളക് വിപണിയിലെ ഈ സാങ്കേതിക തിരുത്തൽ കൂടുതൽ മുന്നേറ്റത്തിന് ഊർജം പകരാം. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില 39,900 രൂപ. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5625 ഡോളർ. വിയറ്റ്‌നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3800 ഡോളറിനും മലേഷ്യ 5350 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
കേരളത്തിലെ വിപണികളിൽ ജാതിക്ക വരവ് ശക്തമായി. വിളവെടുപ്പ് വേളയിൽ ലോക്ഡൗൺ മൂലം കർഷകർ വിൽപനയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സ്ഥിതിഗതികൾ മാറിയതോടെ അവർ കൂടുതൽ ചരക്ക് വിറ്റഴിക്കാൻ രംഗത്ത് ഇറങ്ങി. ചെറുകിട വിപണികളിൽ ജാതിക്ക, ജാതിപത്രി വരവ് ഉയർന്നതു കണ്ട് കറിമസാല വ്യവസായികളും ഔഷധ നിർമാതാക്കളും സംഭരണം തുടങ്ങി. അനവസരത്തിലെ മഴ മൂലം മൂപ്പ് എത്തും മുമ്പേ പല തോട്ടങ്ങളിലും കായകൾ അടർന്നു വിണതിനാൽ ജാതിക്ക ഉൽപാദനം കുറവായതിനാൽ ഓഫ് സീസണിൽ നിരക്ക് ഉയരാം. കാലടി വിപണിയിൽ ജാതിക്ക തൊണ്ടൻ കിലോ 280-330, തൊണ്ടില്ലത്തത് 550-610, ജാതിപത്രി 1400-1500, ജാതി ഫഌവർ 1750-1850 രൂപയിലുമാണ്. അടയ്ക്ക ശേഖരിക്കാൻ പാൻമസാല വ്യവസായികളെത്തിയത് വിലക്കയറ്റത്തിന് ശക്തി പകർന്നു. 30,000-31,000 രൂപയിൽ വ്യാപാരം തുടങ്ങിയ അടയ്ക്ക വ്യവസായിക ഡിമാന്റിൽ 36,000-37,500 ലേയ്ക്ക് ഉയർന്നു.
പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിങ് സ്തംഭിച്ചെങ്കിലും വില ഉയർത്താൻ ടയർ വ്യവസായികൾ തയാറായില്ല. വിദേശത്തെ വില തകർച്ചയാണ് ടയർ നിർമാതാക്കളെ താഴ്ന്ന നിരക്കിൽ ക്വട്ടേഷൻ ഇറക്കാൻ പ്രേരിപ്പിച്ചത്. വാരാവസാനം നാലാം ഗ്രേഡ് 16,950 ലും അഞ്ചാം ഗ്രേഡ് 16,400-16,800 ലുമാണ്. ബാങ്കോക്കിൽ റബർ ഈ വർഷത്തെ ഏറ്റവും താഴ്ന്ന വിലയായ 13,175 രൂപയിലാണ്. ആഭ്യന്തര, വിദേശ വിപണി വിലയിലെ വൻ അന്തരം കണക്കിലെടുത്താൽ വരുംമാസങ്ങളിൽ വിദേശ റബർ ഇറക്കുമതി ഉയരാം. ആഭ്യന്തര റബർ അവധി വില മുൻവാരം സൂചിപ്പിച്ച 17,250 രൂപയിലെ പ്രതിരോധം മറികടന്ന സാഹചര്യത്തിൽ 17,900 നെ ഉറ്റുനോക്കാം. വാരാന്ത്യം നിരക്ക് 17,405 ലാണ്.
കേരളത്തിൽ സ്വർണ വില താഴ്ന്നു. പവൻ 36,000 രൂപയിൽ നിന്ന് 35,640 ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിങിൽ പവൻ 35,760 രൂപയിലാണ്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1811 ഡോളറിൽ നിന്ന് 1801 ഡോളറായി.