Sorry, you need to enable JavaScript to visit this website.

കോവിഡിനു പിന്നാലെ ക്യാന്‍സറും പിടിമുറുക്കി, നടി ശിവാനിയുടെ ഇപ്പോഴത്തെ അവസ്ഥ സങ്കടകരം 

കൊച്ചി- മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ശിവാനി ഭായ്. തെന്നിന്ത്യയില്‍ ഒട്ടനവധി സിനിമകളുടെ ഭാഗമായ ശിവാനി ബാലതാരമായി ആണ് സിനിമാലോകത്തെത്തിയത്. ശേഷം സഹനടിയായും നായികയായും എല്ലാം ഏതാനും സിനിമകളില്‍ ശിവാനി അഭിനയിച്ചു. അടുത്തിടെയാണ് തനിക്ക് കോവിഡ് ബാധിച്ചുവെന്നും അതിന് പിന്നാലെ ക്യാന്‍സര്‍ വന്നുവെന്നും ഫേസ്ബുക്കിലൂടെ താരം അറിയിച്ചിരുന്നത്. ഇപ്പോഴിതാ അര്‍ബുദ ചികിത്സയ്ക്കിടയില്‍ നിന്നും വീഡിയോയുമായി എത്തിയിരിക്കുകയാണ് ശിവാനി.
ഏപ്രിലില്‍ കൊറോണ വന്ന് ഭേദമായെങ്കിലും ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുത്തപ്പോഴാണ് ക്യാന്‍സര്‍ ആണെന്നറിഞ്ഞതെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്  ഫേസ്ബുക്ക് പേജിലൂടെ ശിവാനി അറിയിച്ചിരുന്നു. മുടി മുഴുവന്‍ പോകും മുമ്പ് കുറച്ച് ചിത്രങ്ങള്‍ എന്ന് പറഞ്ഞാണ് ജൂണ്‍ 25ന് ശിവാനി ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്.
ഇപ്പോഴിതാ ഒരു മാസം കഴിഞ്ഞ് വീണ്ടുമൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ശിവാനി. ഇക്കുറി ഒരു വീഡിയോയാണ് താരം പങ്കിട്ടിരിക്കുന്നത്. കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ നയിക്കണെന്ന് ഞാന്‍ പഠിക്കുകയാണ് എന്ന ലൂസ മെ അല്‍കോട്ടിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.
ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. ഇനി 6 എണ്ണം കൂടി ബാക്കിയുണ്ടെന്നാണ് ജൂണ്‍ 25ന് ശിവാനി പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നത്. ആദ്യത്തെ കീമോയ്ക്ക് ശേഷം ശിവാനി ബോയ് കട്ട് ചെയ്തിരുന്നു. ഇപ്പോള്‍ മുടി മുഴുവന്‍ പോയാണ് ശിവാനി പുതിയ വീഡിയോയിലുള്ളത്. മുടി പോയാലൊന്നും തനിക്കൊരു പ്രശ്‌നമില്ലെന്ന പ്രതീക്ഷ നല്‍കുന്നുമുണ്ട് ശിവാനി വീഡിയോയിലൂടെ. ഒറു കറുത്ത ഷാള്‍ തലയില്‍ ചുറ്റി ചിരി തൂകി നില്‍ക്കുകയാണ് വീഡിയോയുടെ അവസാനം ശിവാനി. വേഗം സുഖമായി വരൂ എന്ന് നിരവധി പേര്‍ ശിവാനിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം തന്റെ ബോയ് കട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച് കുറിച്ച വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അങ്ങനെ ഞാന്‍ ഏപ്രിലില്‍  കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തില്‍ നില്‍ക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുക്കുന്നത്. കോറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു ക്യാന്‍സര്‍. എന്നെ സംബന്ധിച്ചിടത്തോളം ക്യാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു. ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു.
അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂറു ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി. ഇതെന്റെ രണ്ടാമത്തെ കീമോ ആണ്. 6 എണ്ണം കൂടി ബാക്കിയുണ്ട്. നീളന്‍ മുടി പോകുമ്പോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ ബോയ് കട്ട് ചെയ്തത്. ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. മുഴുവനായും പോകും മുന്‍പ് കുറച്ച് ഫോട്ടോ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി. പിന്നെ ഇത്തവണത്തെ ന്യൂ ഇയര്‍ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം. എന്നോടിത് വേണ്ടായിരുന്നു ആശാനേ.. എന്നാണ് താരം കുറിച്ചത്.
ഗുരു എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ശിവാനി സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സഹേദരിവേഷമാണ് ശിവാനിയെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാക്കിയത്. പിന്നീട് ബുള്ളറ്റ്, രഹസ്യപൊലീസ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളിലെ നായികയായി ഈ താരം പ്രത്യക്ഷപ്പെട്ടു. ചൈന ടൗണ്‍, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും സാന്നിധ്യമറിയിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്‌
 

Latest News