രാജസ്ഥാനിലും കോണ്‍ഗ്രസ് കലഹം തീരുന്നു; മന്ത്രിസഭാ വികസനം ഉടന്‍ നടന്നേക്കും

ജയ്പൂര്‍- പഞ്ചാബ് കോണ്‍ഗ്രസിലെ അമരീന്ദര്‍ സിങ്-നവജോത് സിങ് സിദ്ദു പോര് പരിഹരിച്ചതിനു പിന്നാലെ രാജസ്ഥാനിലും കലഹം തീര്‍ക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്തിറങ്ങി. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന വിഭാഗീയത രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാരിന്റെ തലവേദനയാണ്. മുഖ്യമന്ത്രി ഗെലോട്ടിന്റെ എതിര്‍പക്ഷത്തുള്ള സചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി പദവി രാജിവച്ചതോടെയാണ് പോര് രൂക്ഷമായത്. സചിന്റെ കൂടെ 18 എംഎല്‍എമാരും നിലയുറപ്പിച്ചിരുന്നു. മന്ത്രിസഭ വികസിപ്പിച്ച് പദവികള്‍ വീതംവെക്കാനാണ് ഹൈക്കമാന്‍ഡിന്റെ നീക്കം. വൈകാതെ മന്ത്രിസഭാ പുനസ്സംഘടന നടന്നേക്കും. ഗെലോട്ട് ഇത് നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും നടപ്പിലാക്കാന്‍ വിമുഖത തുടരുന്നത് സചിന്‍ പൈലറ്റ് പക്ഷത്തെ ചൊടിപ്പിച്ചിരുന്നു. സചിന്‍ പൈലറ്റിന് നല്‍കിയ വാഗ്ദാനം പാര്‍ട്ടി നടപ്പിലാക്കണമെന്ന് വിമത പക്ഷം കഴിഞ്ഞ മാസം ആവശ്യം ഉന്നയിച്ചിരുന്നു. ഉചിതമായ നടപടികള്‍ കോണ്‍ഗ്രസ് ഉടന്‍ കൈകൊള്ളുമെന്ന് കഴിഞ്ഞയാഴ്ച സചിന്‍ പൈലറ്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജസ്ഥാന്‍ ചുമതലയുള്ള അജയ് മാക്കന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ജയ്പൂരില്‍ എത്തിയിട്ടുണ്ട്. ഇതിനു പിന്നാലെ ഞായറാഴ്ച രാവിലെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊസ്താര പാര്‍ട്ടി എംഎല്‍എമാരുടെ യോഗവും വിളിച്ചു ചേര്‍ത്തതോടെ മന്ത്രിസഭാ പുനസ്സംഘടനാ അഭ്യൂഹം ശക്തമായിരിക്കുകയാണ്. 

രാജസ്ഥാനില്‍ പരമാവധി 30 മന്ത്രിമാര്‍ വരെ ആകാം. നിലവില്‍ ഗെലോട്ട് മന്ത്രിസഭയില്‍ 21 അംഗങ്ങളാണ് ഉള്ളത്. ശേഷിക്കുന്ന ഒമ്പത് പദവികളില്‍ തങ്ങള്‍ക്ക് മുന്തിയ പരിഗണന ലഭിക്കണമെന്നാണ് സചിന്‍ പൈലറ്റ് പക്ഷത്തിന്റെ ആവശ്യം.
 

Latest News