ലാഹോര്‍- ഭാര്യയുമായി അടുപ്പം പുലര്‍ത്തുന്നെന്നാരോപിച്ച് യുവാവിന്റെ മൂക്കും ചെവിയും മുറിച്ചുമാറ്റി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ വ്യാഴാഴ്ചയാണ് സംഭവം. ലാഹോറില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെയുള്ള മുസാഫര്‍നഗറിലാണ് യുവാവിനെ മൂക്കും ചെവിയും മുറിച്ചുമാറ്റപ്പെട്ട നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബ്ദുള്‍ ഖയൂം എന്നയാളാണ് മുഹമ്മദ് അക്രം എന്ന യുവാവിനെ കത്തികൊണ്ട് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും ഒരേ ഗ്രാമത്തില്‍ തന്നെയുള്ളവരാണ്. ഭാര്യയുമായി അക്രമിന് വിവാഹേതര ബന്ധം ഉണ്ടെന്ന് ആരോപിച്ചായിരുന്നു കൃത്യം.
'വ്യാഴാഴ്ച വീട്ടിലേക്ക് പോവുകയായിരുന്ന അക്രമിനെ തടഞ്ഞുനിര്‍ത്തിയ ഖയൂമും കൂട്ടാളികളും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി അക്രമിക്കുകയായിരുന്നു. യുവാവിന്റെ മൂക്കും ചെവിയും കത്തി ഉപയോഗിച്ച് സംഘം മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉപേക്ഷിച്ച് അവര്‍ കടന്നുകളയുകയും ചെയ്തു' പോലീസ് പറഞ്ഞു.ഗുരതരമായി പരിക്കേറ്റ അക്രമിനെ മുള്‍ത്താനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഖയൂമിനെ അറസ്റ്റ് ചെയ്തതായും പ്രതി കുറ്റം സമ്മതിച്ചെന്നും പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്.