ന്യൂദൽഹി- ആറ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ മിനിമം റഫറല്‍ വേതന സംവിധാനം കേന്ദ്ര സര്‍ക്കാര്‍ പുനസ്ഥാപിച്ചു. ഗള്‍ഫ് മേഖലയിലെ കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി മാസങ്ങള്‍ക്കു മുമ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളുടെ ഗള്‍ഫിലെ മിനിമം വേതനം കുത്തനെ വെട്ടിക്കുറച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഈ മിനിമം വേതന സംവിധാനം പൂര്‍വ്വസ്ഥിതിയിലാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന് രാജ്യസഭയില്‍ അറിയിച്ചു. എം വി ശ്രേയംസ് കുമാറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗള്‍ഫ് മേഖലയിലെ തൊഴില്‍ വിപണി സ്ഥിരത കൈവരിച്ചതിനാലാണ് മിനിമം റഫറല്‍ വേതന സംവിധാനം പുനസ്ഥാപിച്ചത്. പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍ സംരക്ഷിക്കാനാണ് ഇത് വെട്ടിക്കുറച്ചതെന്നും മന്ത്രി പറഞ്ഞു.
ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ മിനിമം റഫറല്‍ വേതനം 30 ശതമാനം മുതല്‍ 50 ശതമാനം വരെയാണ് വെട്ടിക്കുറച്ചിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയത്. ഈ നടപടിയില്‍ പല സംസ്ഥാനങ്ങളും പ്രതിഷേധിച്ചിരുന്നു. വിദഗ്ധ, അവിദഗ്ധ തൊഴില്‍ വ്യത്യാസമില്ലാതെ എല്ലാവരേയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ഈ വെട്ടിക്കുറക്കല്‍. ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റു ദക്ഷിണേഷ്യന്‍ രാജ്യക്കാരെ അപേക്ഷിച്ച് താരതമ്യേന ഉയര്‍ന്ന വേതനം ലഭിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ ഇവരുടെ തൊഴില്‍ സംരക്ഷിക്കാനാണ് മിനിമം വേതന നിരക്ക് വെട്ടിക്കുറച്ചതെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസി തൊഴില്‍ വകുപ്പിന്റെ ന്യായീകരണം.