കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ കലാപത്തിനു പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷിനെതിരെ രണ്ട് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായി പോലീസ് അറിയിച്ചു.
കൊല്‍ക്കത്തയിലെ ഹാരെ സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലും ഗരിയാഹട്ട് സ്റ്റേഷനിലുമാണ് കേസെടുത്തത്. ബി.ജെ.പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചയുടെ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയതിനു ശേഷമായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പ്രസ്താവന.
സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷത്തിനും അസ്വസ്ഥതക്കും കാരണമാകാമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടു പേര്‍ പോലീസില്‍ പരാതി നല്‍കിയതും എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതും.
സംസ്ഥാനത്ത് ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്നിരിക്കുന്നുവെന്നാണ് ദിലീപ് ഘോഷ് വെള്ളിയാഴ്ച പ്രസ്താവിച്ചത്.
ഇത്തരം പ്രസത്ാവന താന്‍ നടത്തിയിട്ടില്ലെന്നും അടിസ്ഥാനരഹിതമായ പരാതികളാണെന്നുമാണ് ഘോഷ് പ്രതികരിച്ചത്. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിലകുറഞ്ഞ തന്ത്രങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ആസ്ഥാനത്തിനു പുറത്തും നഗരത്തിലെ മറ്റു ഭാഗങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.