Sorry, you need to enable JavaScript to visit this website.

അപ്രത്യക്ഷനായ തൊഗാഡിയയെ ആശുപത്രിയിൽ കണ്ടെത്തി 

അഹമ്മദാബാദ്- വിശ്വഹിന്ദ് പരിഷത്ത് (വി.എച്ച്.പി) നേതാവ് ഡോ. പ്രവീൺ തൊഗാഡിയയെ ആശുപത്രിയിൽ കണ്ടെത്തി.   വി.എച്ച്.പി നേതാവ് കൂടിയായ പ്രവീൺ തൊഗാഡിയയെ രാജസ്ഥാൻ പോലീസ് ഗുജറാത്തിൽ അറസ്റ്റ് ചെയ്തതായി സംഘ്പരിവാർ പ്രവർത്തകർ വ്യാപകമായി പ്രചരിപ്പിക്കുന്നതിനിടെയാണ് തൊഗാഡിയയെ ആശുപത്രിയിൽ കണ്ടെത്തിയത്. ചന്ദ്രമണി ആശുപത്രിയിലാണ് അബോധാവസ്ഥയിൽ തൊഗാഡിയയെ കണ്ടെത്തിയത്. ഗുജറാത്ത് പോലീസോ രാജസ്ഥാൻ പോലീസോ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കമ്മീഷണർ വ്യക്തമാക്കിയിരുന്നു.
നഗരത്തിലെ വി.എച്ച്.പി ഓഫീസിൽനിന്ന് രാവിലെ 10.45-നാണ് തൊഗാഡിയ ഓട്ടോറിക്ഷയിൽ കയറി പോയതെന്ന് അദ്ദേഹം പറഞ്ഞു. പത്ത് വർഷത്തിലേറെ പഴക്കമുള്ള ഒരു കേസിൽ രാജസ്ഥാൻ പോലീസ് തൊഗാഡിയയെ അറസ്റ്റ് ചെയ്തുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പോലീസ് കമ്മീഷണർ ഭട്ട് വാർത്താ സമ്മേളനം വിളിച്ചത്.
ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള തൊഗാഡിയ ഇന്നലെ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരെയൊന്നും കൂടെ കൂട്ടിയിരുന്നില്ല. വി.എച്ച്.പി ഓഫീസിൽനിന്നിറങ്ങിയ അദ്ദേഹം താടിയുള്ള ഒരാളോടൊപ്പമാണ് ഓട്ടോയിൽ കയറിയത്.തൊഗാഡിയക്കെതിരായ അറസ്റ്റ് വാറണ്ടുമായി രാജസ്ഥാൻ പോലീസ് സംഘം അഹമ്മദാബാദിൽ എത്തിയിരുന്നു. തൊഗാഡിയയുടെ വസതിയിലേക്ക് പോകാൻ അഹമ്മദാബാദ് പോലീസ് അവരെ സഹായിക്കുകയും ചെയ്തിരുന്നു. എന്നാൽ വീട്ടിലോ വി.എച്ച്.പി ഓഫീസിലോ അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പോലീസ് കമ്മീഷണർ പറഞ്ഞു. തൊഗാഡിയ എവിടെയാണെന്ന് കണ്ടെത്താൻ പോലീസ് വി.എച്ച്.പി നേതാക്കളുമായി നിരന്തര സമ്പർക്കം പുലർത്തിവരികയാണെന്നും ഭട്ട് പറഞ്ഞു. തൊഗാഡിയ അറസ്റ്റിലാണെന്ന വാർത്ത പരന്നതോടെ നൂറുകണക്കിനു വി.എച്ച്.പി പ്രവർത്തകർ സോല പോലീസ് സ്‌റ്റേഷൻ ഉപരോധിച്ചു. തൊഗാഡിയയെ ഉടൻ വിട്ടയച്ചില്ലെങ്കിൽ ദേശവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 

Latest News