Sorry, you need to enable JavaScript to visit this website.

ദിലീപിന്റെ കേസ് നീളും, നടിയെ അക്രമിച്ച കേസ് വിചാരണ  പൂര്‍ത്തിയാക്കാന്‍ കോടതി കൂടുതല്‍ സമയം തേടി

കൊച്ചി-നടിയെ അക്രമിച്ച കേസ് വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി കേസ് പരിഗണിക്കുന്ന സ്‌പെഷ്യല്‍ ജഡ്ജി ഹണി എം. വര്‍ഗ്ഗീസ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി. 2021 ഓഗസ്റ്റില്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.
നടന്‍ ദിലീപിനെതിരായ കേസിലെ വിചാരണ പൂര്‍ത്തിയാക്കാനുള്ള അവസാന അവസരമായി ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചു നല്‍കിയത് 2021 മാര്‍ച്ച് മാസത്തിലാണ്. കൊച്ചിയിലെ പ്രാദേശിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ വ്യവഹാരത്തെത്തുടര്‍ന്ന് വിചാരണ വൈകിയതിനാല്‍ അവിടത്തെ ജഡ്ജി അധിക സമയം തേടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു അനുവാദം ലഭിക്കുന്നത്. ഇരുവിഭാഗത്തോടും കേസുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കോവിഡ് മൂലം നടപടികള്‍ തടസപെട്ടെന്ന് വിചാരണ കോടതി അറിയിച്ചു. കോടതികള്‍ അപ്രതീക്ഷിതമായി അടച്ചുപൂട്ടിയത് മൂലം അഭിഭാഷകര്‍ ആവശ്യപ്പെട്ട സമയം നഷ്ടമായി. കേസില്‍ ഇതുവരെയായി 179 സാക്ഷികളെ വിസ്തരിച്ചു.124 വസ്തുക്കളും പ്രോസിക്യൂഷന്‍ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉള്‍പ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടന്‍ ഷെഡ്യൂള്‍ ചെയ്യും.
2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ ജോലിയുടെ ഭാഗമായി പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസിലെ എട്ടാമത്തെ പ്രതിയായ ചലച്ചിത്രതാരം ദിലീപിനെ 2017 ജൂലൈയില്‍ അറസ്റ്റ് ചെയ്ത് ഏതാനും മാസങ്ങള്‍ക്കു ശേഷം ജാമ്യത്തില്‍ വിട്ടു. 85 ദിവസത്തെ ജയില്‍വാസത്തിനു ശേഷമാണ് കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചത്.
നടിയെ കാറിനുള്ളില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കുറ്റം ദിലീപിനുമേല്‍ ചുമത്തിയിരുന്നു. 2019 നവംബറില്‍ ആരംഭിച്ച വിചാരണക്കിടെ, വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കേരള ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് നിര്‍ത്തിവച്ചിരുന്നു. നടിയും അത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരം നിയമിച്ച വനിതാ വിചാരണ കോടതി ജഡ്ജിക്കെതിരെയാണ് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. കോടതി പ്രതികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നും നടി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍, ഈ അപേക്ഷ കേരള ഹൈക്കോടതി നിരസിച്ചു.അതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും, ഇത്തരം ആരോപണങ്ങള്‍ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി 2020 ഡിസംബറില്‍ നിരസിക്കുകയും ചെയ്തു. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി 2021 ഫെബ്രുവരിയില്‍ കൊച്ചിയിലെ അഡീഷണല്‍ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. തനിക്ക് അനുകൂലമായി പ്രസ്താവനകള്‍ നടത്താന്‍ കേസിലെ രണ്ട് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം അന്വേഷിച്ച െ്രെകംബ്രാഞ്ച് ഈ ആരോപണം പിന്താങ്ങുന്ന തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് ദിലീപ് ചൂണ്ടിക്കാട്ടി.
 

Latest News