ന്യൂദല്‍ഹി- ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവിനെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എയര്‍പോര്‍ട്ടിലെത്തി. ആറു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ നെതന്യാഹുവിനെയും പത്നി സാറയെയും ദല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ മോഡി നേരിട്ടെത്തി സ്വീകരിച്ചു. വിമാനത്താവളത്തില്‍ മോഡി നെതന്യാഹുവിനെ ആലിംഗനം ചെയ്താണു സ്വീകരിച്ചത്. നെതന്യാഹുവിന് ഇന്ത്യയിലേക്കു സ്വാഗതം. ഈ സന്ദര്‍ശനം ഇന്ത്യക്ക് ചരിത്രപരവും പ്രത്യേകതകള്‍ നിറഞ്ഞതുമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഇതോടെ സുദൃഢമാകുമെന്നും മോഡി ട്വിറ്ററില്‍ ഇംഗഌഷിലും ഹീബ്രുവിലും കുറിച്ചു. തുടര്‍ന്ന് പ്രിയ സുഹൃത്ത് നരേന്ദ്ര മോഡീ, താങ്കളെ വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നു ട്വിറ്ററില്‍ ഹിന്ദിയില്‍ കുറിച്ചാണു നെതന്യാഹു മറുപടി പറഞ്ഞത്. വിമാനത്താവളത്തില്‍ നേരിട്ടെത്തി തന്നെ സ്വീകരിച്ചതിലുള്ള നന്ദിയും നെതന്യാഹു ട്വിറ്ററില്‍ പങ്ക് വെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഉയരങ്ങളില്‍ എത്തുമെന്നും നെതന്യാഹു പ്രതീക്ഷ പ്രകടിപ്പിച്ചു.
അതിനിടെ, ഇസ്രായില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ വിവിധ സംഘടനകള്‍ പ്രകടനം നടത്തി. ഇന്ത്യ ഇസ്രായിലുമായുള്ള ബന്ധം വിഛേദിക്കണമമെന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനക്കാര്‍ നെതന്യാഹുവിന്റെ കോലം കത്തിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ക്കിടെ കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ ഇസ്രായില്‍ പ്രധാനമന്ത്രിയാണ് നെതന്യാഹു. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രി ആയിരിക്കെ 2003 ല്‍ ദല്‍ഹിയില്‍ എത്തിയ ഏരിയല്‍ ഷാരോണ്‍ ആണ് ഇതിനു മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച ഇസ്രായില്‍ പ്രധാനമന്ത്രി. ആറു മാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായില്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണു നെതന്യാഹു ഇന്ത്യയിലെത്തിയത്. സൈബര്‍ സുരക്ഷ, കൃഷി, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള 130 ല്‍ അധികം പ്രതിനിനിധികളും നെതന്യാഹുവിനൊപ്പം എത്തിയിട്ടുണ്ട്.
നെതന്യാഹുവിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍നിന്ന് കൂടുതല്‍ ആലിംഗനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നായിരുന്നു സ്വീകരണത്തെക്കുറിച്ചു കോണ്‍ഗ്രസിന്റെ പരിഹാസം.
ഇന്ന് രാവിലെ പത്തു മണിക്ക് നെതന്യാഹുവിന് രാഷ്ട്രപതി ഭവനില്‍ ഒദ്യോഗിക സ്വീകരണം നല്‍കും. തുടര്‍ന്ന് മഹാത്മാ ഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായും ചര്‍ച്ച നടത്തും. ദല്‍ഹിക്കു പുറമെ മുംബൈയും ഗുജറാത്തും നെതന്യാഹു സന്ദര്‍ശിക്കുന്നുണ്ട്.
ഇന്നലെ ദല്‍ഹിയിലെത്തിയ നെതന്യാഹുവും മോഡിയും ഒന്നാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കവേ ഹൈഫയില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് തീന്‍മൂര്‍ത്തി ഭവനില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് തീന്‍മൂര്‍ത്തി ചൗക്കിന്റേ പേര് തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് എന്നു മാറ്റി.
ഇന്ത്യ-ഇസ്രായില്‍ സൗഹൃദത്തിന്റെ ഭാഗമായാണ് മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ഓദ്യോഗിക വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവന്റെ മുന്നിലുള്ള തീന്‍മൂര്‍ത്തി ചൗക്കിന്റെ പേരു മാറ്റിയത്. കഴിഞ്ഞ ജൂലൈയില്‍ മോഡിയുടെ ഇസ്രായില്‍ സന്ദര്‍ശനത്തിനു പിന്നാലെയാണു തീന്‍മൂര്‍ത്തി ചൗക്കിന്റെ പേരു മാറ്റാന്‍ തീരുമാനിച്ചത്. ഇതിന്റെ ഔപചാരികമായ പേരുമാറ്റമാണു ഇന്നലെ നെതന്യാഹു ദല്‍ഹിയില്‍ എത്തിയ ഉടന്‍ നടന്നത്. ഹൈഫ യുദ്ധത്തില്‍ പങ്കെടുത്ത ഹൈദരാബാദ്, ജോധ്പൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മൂന്നു സൈനികരുടെ വെങ്കല രൂപമാണ് തീന്‍മൂര്‍ത്തി യുദ്ധ സ്മാരകം. ഇതോടൊപ്പം തീന്‍മൂര്‍ത്തി മാര്‍ഗിന്റെ പേരും തീന്‍മൂര്‍ത്തി ഹൈഫ മാര്‍ഗ് എന്നു മാറ്റിയിട്ടുണ്ട്.