പ്രതികൂല കാലാവസ്ഥയിൽ റബർ ടാപ്പിങ് സ്തംഭിച്ചതോടെ ടയർ നിർമാതാക്കാൾ ഷീറ്റ് വില ഉയർത്തി. കേരളത്തിൽ വീണ്ടും മഴ ശക്തമായതോടെ റബർ ടാപ്പിങ് തടസ്സപ്പെട്ടത് ടയർ വ്യവസായികളുടെ ശ്രദ്ധ മുഖ്യ വിപണികളിലേയ്ക്ക് തിരിയാൻ അവസരം ഒരുക്കി. വാരാരംഭം മുതൽ പല ഭാഗങ്ങളിലും മഴ അനുഭവപ്പെട്ടങ്കിലും റെയിൻ ഗാർഡിട്ട തോട്ടങ്ങളിൽ റബർ വെട്ടിന് കാര്യമായ തടസ്സം നേരിട്ടില്ല. എന്നാൽ വാരമധ്യതോടെ മഴ ശക്തിയാർജിച്ചതിനാൽ ഉൽപാദകർ തോട്ടങ്ങളിൽ നിന്ന് പൂർണമായി പിൻവലിയാൻ നിർബന്ധിതരായി. ടയർ നിർമാതാക്കളുടെ വരവിൽ നാലാം ഗ്രേഡ് 16,700 രൂപയിൽ നിന്ന് 17,000 രൂപയായി. അഞ്ചാം ഗ്രേഡിന് 400 രൂപ ഉയർന്ന് 16,300----16,800 ൽ കൈമാറി. ആഭ്യന്തര മാർക്കറ്റിൽ റബർ അവധി വില 17,000 രൂപയ്ക്ക് മുകളിൽ വാരാന്ത്യം ഇടം കണ്ടത്തി. സാങ്കേതികമായി 17,250 റേഞ്ചിലേയ്ക്ക് മുന്നേറാം. അന്താരാഷ്ട്ര റബർ മാർക്കറ്റിലെ തളർച്ച വിട്ടുമാറിയില്ല. ബാങ്കോക്കിൽ റബർ വില 13,443 രൂപയായി ഇടിഞ്ഞു.
ദക്ഷിണേന്ത്യൻ നാളികേരോൽപന്ന വിപണികൾ വൻ വില തളർച്ചയിൽ നിന്ന് താൽക്കാലികമായി രക്ഷ നേടി. വൻകിട മില്ലുകാർ കൊപ്ര സംഭരിക്കാൻ കാണിച്ച ഉത്സാഹം വിപണിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റി. കാങ്കയത്ത് കൊപ്ര വില 10,000 ത്തിലെ നിർണായക താങ്ങ് നിലനിർത്തി 10,200 ലേയ്ക്ക് കയറി. മുൻവാരം സൂചിപ്പിച്ചതാണ് വിപണി ചെറിയ തോതിലുള്ള തിരിച്ചുവരവിന് ശ്രമിക്കുമെന്ന കാര്യം. ഭക്ഷ്യയെണ്ണ ഇറക്കുമതി ജൂണിൽ കുറഞ്ഞത് എണ്ണക്കുരുകൾക്ക് ആശ്വാസം പകരും. കഴിഞ്ഞ മാസം വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി 20 ശതമാനം ഇടിഞ്ഞു. ഈ കാലയളവിൽ പാം ഓയിൽ ഇറക്കുമതി 25 ശതമാനം കുറഞ്ഞത് കൊപ്ര അടക്കമുള്ള എണ്ണ കുരുക്കൾക്ക് നേട്ടമായി മാറാം. അടുത്ത രണ്ടാഴ്ചകളിൽ ഓണം ഡിമാന്റിന് തുടക്കം കുറിക്കുമെന്നത് വെളിച്ചെണ്ണയുടെ തിരിച്ചുവരവിന് അവസരം ഒരുക്കാം. ഒരാഴ്ചയായി കൊച്ചിയിൽ എണ്ണ വില സ്റ്റെഡിയാണ്. ഉത്സവ വിൽപന മുന്നിൽ കണ്ട് വൻകിട ചെറുകിട മില്ലുകാർ കൊപ്ര ശേഖരിക്കുന്നുണ്ട്. കൊച്ചിയിൽ കൊപ്ര ക്വിൻറ്റലിന് 10,100 രൂപ.
കുരുമുളകിന് ആഭ്യന്തര ആവശ്യം വർധിച്ചെങ്കിലും ഉൽപന്നത്തിന് കിലോ 420 രൂപയിലെ പ്രതിരോധം മറികടക്കാനായില്ല. അന്തർസംസ്ഥാന വാങ്ങലുകാർ ഉത്സവ ഡിമാന്റ് മുന്നിൽ കണ്ട് ചരക്കിൽ പിടിമുറുക്കിയാൽ പ്രതിരോധം തകർക്കാനാവുമെങ്കിലും പരമാവധി ചരക്ക് കൈപ്പിടിയിൽ ഒതുക്കാനുള്ള ശ്രമത്തിലാണ് വാങ്ങലുകാർ. ബുൾ തരംഗം ഉടലെടുത്താൽ കുരുമുളക് ആദ്യ ചുവടുവെപ്പിൽ കിലോ 465 രൂപ വരെ ഉയരാം. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് വില 42,000 രൂപ.
ഉത്തരേന്ത്യക്കാർ കാർഷിക മേഖല കേന്ദ്രീകരിച്ച് മുളക് ശേഖരിക്കുന്നുണ്ടെങ്കിലും വിദേശ മുളക് ഇറക്കുമതിക്കാർ താൽക്കാലികമായി രംഗം വിട്ടു. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതാണ് ഇറക്കുമതിക്കാരെ പിന്നോക്കം വലിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5635 ഡോളറിലാണ്. വിയറ്റ്‌നാം 3900 ഡോളറിനും ബ്രസീൽ 4000 ഡോളറിനും ഇന്തോനേഷ്യ 3820 ഡോളറിനും മലേഷ്യ 5100 ഡോളറിനും മുളക് വാഗ്ദാനം ചെയ്തു.
വിദേശ ഓർഡർ ലഭിച്ച കയറ്റുമതിക്കാർ ചുക്ക് സംഭരിക്കുന്നുണ്ട്. ചുക്കിന് ആഭ്യന്തര ആവശ്യക്കാരുണ്ടങ്കിലും വില സ്റ്റെഡിയാണ്. കൊച്ചിയിൽ മീഡിയം ചുക്ക് 16,500 രൂപയിലും ബെസ്റ്റ് ചുക്ക് 17,500 രൂപയിലും വിപണനം നടന്നു. ആഭരണ കേന്ദ്രങ്ങളിൽ സ്വർണ വില പവന് 35,800 രൂപയിൽ നിന്ന് 36,200 വരെ ഉയർന്ന് ശേഷം ശനിയാഴ്ച 36,000 രൂപയിലാണ്. ഗ്രാമിന് വില 4500 രൂപ. ന്യുയോർക്കിൽ ട്രോയ് ഔൺസിന് 1811 ഡോളർ.