കൊച്ചി- പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ബ്രോ ഡാഡി'യുടെ ഭാഗമാവാന്‍ മോഹന്‍ലാല്‍ ഹൈദരാബാദിലേക്ക്. സിനിമയുടെ ചിത്രീകരണം 15ന് ഹൈദരാബാദില്‍ ആരംഭിച്ചിരുന്നു. കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തെലങ്കാനയിലേക്ക് മാറ്റാന്‍ നിര്‍മ്മാതാവ് തീരുമാനിച്ചത്. ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിലുള്ള എ, ബി വിഭാഗം മേഖലകളില്‍ നിബന്ധനകളോടെയുള്ള സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്. പ്രഖ്യാപനം വന്നതോടെ 'ബ്രോ ഡാഡി' ടീം നിലവിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി രണ്ടാഴ്ചയ്ക്കു ശേഷം ചിത്രീകരണം കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്യും. അതേസമയം മുന്നോട്ടുള്ള സിനിമാ ചിത്രീകരണത്തിന് മാര്‍ഗ്ഗരേഖ നിശ്ചയിക്കാന്‍ മലയാള സിനിമാ രംഗത്തെ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. നാളെ വൈകിട്ട് ഇതിനായുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കും. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും എടുത്തവരെയും ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയവരെയും മാത്രമേ ഷൂട്ടിംഗില്‍ പങ്കെടുപ്പിക്കാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം.