Sorry, you need to enable JavaScript to visit this website.

കല്യാണം എന്ന സിസ്റ്റം സ്ത്രീകള്‍ക്ക്  ഒരു തരത്തിലും ഗുണം ചെയ്യുന്നില്ല- റിമ കല്ലിങ്കല്‍

കാക്കനാട്- നിലപാട് കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ നടിയാണ് റിമ കല്ലിങ്കല്‍. സംവിധായകന്‍ ആഷിഖ് അബുവുമായുള്ള താരത്തിന്റെ വിവാഹവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വളരെ ലളിതമായി രജിസ്റ്റര്‍ ഓഫീസില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ കേരളത്തില്‍ പൊതുവെ കണ്ടു വരുന്ന വിവാഹ രീതിയും സ്ത്രീകള്‍ നേരിടുന്ന സ്ത്രീധന പീഡനങ്ങളെ കുറിച്ചുമെല്ലാം തന്റെ അഭിപ്രയം വ്യക്തമാക്കുകയാണ് റിമ. മരണം കൊണ്ടല്ല, ജീവിതം കൊണ്ടാണ് നമ്മള്‍ മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടതെന്ന് നടി റിമാ കല്ലിങ്കല്‍. കല്യാണം എന്ന സിസ്റ്റം സ്ത്രീകള്‍ക്ക് ഒരു രീതിയിലും ഒരു ഗുണവും ചെയ്യുന്നില്ല എന്നാണ് താന്‍ കരുതുന്നതെന്നും റിമ പറയുന്നു.
ഒരാളെ ഞാന്‍ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ കൂടെ ജീവിക്കണം എന്നുണ്ടെങ്കില്‍ ഒരു ലീഗല്‍ പേപ്പറിന്റെയും ആവശ്യം എനിക്ക് ഉണ്ടാവരുത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കല്യാണം എന്ന സിസ്റ്റം സ്ത്രീകള്‍ക്ക് ഒരു രീതിയിലും ഗുണം ചെയ്യുന്നില്ല എന്ന് ഞാന്‍ കരുതുന്നു.ഒരു ബന്ധത്തില്‍ സ്‌നേഹവും കരുതലും പരസ്പര ബഹുമാനവും ഇല്ലാതാകുമ്പോള്‍, വേറെ വഴിയില്ലാതെ ഒരുമിച്ച് ജീവിക്കേണ്ടി വരുന്നതും ഈ സിസ്റ്റം കാരണമാണെന്നും റിമ പറയുന്നു. സ്ത്രീധനത്തോടും പീഡനങ്ങളോടും സ്ത്രീകള്‍ നോ പറയണമെന്ന ക്യാംപെയ്ന്‍ കൂടി ഉയര്‍ത്തിയാണ് റിമയുടെ വാക്കുകള്‍.
മതം എന്റെ ഒരു കണ്‍സേണ്‍ ആയിരുന്നില്ല. എന്നെ ഞാനാക്കിയ എന്റെ ജീവിതവും ചിന്തകളും അനുഭവങ്ങളുമെല്ലാം അച്ഛന്റെയും അമ്മയുടെയും സമ്മാനമാണ്. അതുകൊണ്ട് തന്നെ കല്ല്യാണം ലളിതമായി ഞാന്‍ തന്നെ നടത്തണമെന്നതും അച്ഛനും അമ്മയും സന്തോഷത്തോടെ കൂടെ ഉണ്ടായാല്‍ മാത്രം മതിയെന്നതും എന്റെ ആഗ്രഹമായിരുന്നു.
ഭംഗിക്ക് വേണ്ടി കല്യാണത്തിന് ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിനോട് എതിര്‍പ്പുമില്ല. പക്ഷേ ഭാരം കൊണ്ട് നടക്കാന്‍ പറ്റാനാവാത്ത വിധം ആഭരണങ്ങള്‍ കുത്തി നിറക്കുന്നതാണ് നമ്മുടെ കല്യാണങ്ങള്‍.
പെണ്‍കുട്ടികളുടെ വീട്ടുകാരോടും ചുറ്റുമുളള സമൂഹത്തോടും എനിക്ക് പറയാനുളളത്, നിങ്ങളുടെ സ്വത്ത്, സമ്പത്ത്, കുടുംബമഹിമ, അഭിമാനം എന്നിവയൊക്കെ ചുമക്കാനുളളവരല്ല പെണ്‍കുട്ടികള്‍. പെണ്‍കുട്ടി ജനിച്ച ദിവസം മുതല്‍ മരിക്കുന്നത് വരെ അവളെങ്ങനെ ജീവിക്കണം, എങ്ങനെ നടക്കണം, എന്ത് ധരിക്കണം, എന്ത് കഴിക്കണം, ആരെ കല്യാണം കഴിക്കണം, എപ്പോള്‍ കുട്ടികളുണ്ടാകണം, എപ്പോള്‍ ജോലിക്ക് പോകണം, ജോലി നിര്‍ത്തണം തുടങ്ങിയ എല്ലാ കാര്യങ്ങളും അടിച്ചേല്‍പ്പിക്കാതെ അവരെ വെറുതെ വിട്ടാല്‍ മാത്രം മതി. പെമ്പിളേളര് അടിപൊളിയാണ്, അവരെങ്ങനെയാണോ, അങ്ങനെത്തന്നെ അവര്‍ അടിപൊളിയാണ്. അവരെ അവരുടെ വഴിക്ക് വിടുക. ബാക്കി അവര്‍ നോക്കിക്കോളും.
 

Latest News