മുംബൈ- പ്രശസ്ത തിയേറ്റര്‍സിനിമാടെലിവിഷന്‍ അഭിനേത്രി സുരേഖ സിക്രി (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ വസതിയില്‍ വച്ചാണ് അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. പക്ഷാഘാതത്തെ തുടര്‍ന്ന് സുരേഖ കുറച്ച് കാലം ചികിത്സയിലായിരുന്നു. രണ്ട് വര്‍ഷത്തോളമായി ശാരീരിക പ്രശ്‌നങ്ങള്‍ അവരെ അലട്ടിയിരുന്നു.
ദല്‍ഹി സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദം നേടിയ സുരേഖ കിസ കുര്‍സി കാ എന്ന ചിത്രത്തിലൂടെ 1978 ലാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മൂന്നാമത്തെ ചിത്രമായ തമസിലൂടെ 1986 ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1995 ല്‍ മാമ്മോ, 2019 ല്‍ ബധായി ഹോ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ പുരസ്‌കാരം നേടി. സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഏറ്റവും തവണ സ്വന്തമാക്കിയ റെക്കോഡ് സുരേഖയുടേതാണ്. നന്ദിതദാസ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ജന്മദിനം എന്ന മലയാള ചിത്രത്തിലും വേഷമിട്ടിരുന്നു. 1998 ലാണ് ചിത്രം പുറത്തിറങ്ങിയത്. 2020 ല്‍ പുറത്തിറങ്ങിയ ഗോസ്റ്റ് സ്‌റ്റോറീസ് ആണ് അവസാന ചിത്രം.
1990 മുതല്‍ ടെലിവിഷന്‍ രംഗത്തും സജീവമായി പ്രവര്‍ത്തിച്ചു. കഭി കഭി, സമയ്, കേസര്‍, സാഥ് ഫേരേ, ബാലിക വധു എക് ത രാജ ഏക് തി റാണി തുടങ്ങിയവയാണ് പ്രധാന ടെലിവിഷന്‍ സീരീസുകള്‍. പരേതനായ ഹേമന്ത് റെഡ്ജ് ആണ് ഭര്‍ത്താവ്. പ്രശസ്ത നടന്‍ നസിറുദ്ദീന്‍ ഷായുടെ മുന്‍ഭാര്യ മനാരാ സിക്രി സഹോദരിയാണ്.