ടെക്സസ്- അമേരിക്കയിലെ ടെക്സസിൽ മൂന്നു വയസ്സുകാരിയായ വളർത്തുമകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ മലയാളിയായ വളർത്തച്ഛൻ വെസ്ലി മാത്യുസിനെതിരെ കൊലക്കുറ്റം ചുമത്തി. വളർത്തുമകൾ ഷെറിൻ മാത്യൂസിനെ കാണാനില്ലെന്ന് ആദ്യം പരാതിപ്പെടുകയും പിന്നീട് മൃതദേഹം കണ്ടെടുത്ത ശേഷം മാറ്റിപ്പറയുകയും ചെയ്തതോടെ കഴിഞ്ഞ ഒക്ടോബറിലാണ് വെസ്ലിയെ അറസ്റ്റ് ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്തിയത്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചേക്കാവുന്ന കുറ്റമാണിത്.
കുട്ടിയെ പരിക്കേൽപ്പിച്ച കുറ്റമായിരുന്നു നേരത്തെ ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. കുട്ടിയെ ഉപേക്ഷിച്ചതിനും തെളിവു നശിപ്പിച്ചതിനുമുള്ള കുറ്റവും ചാർത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാനാവില്ലെന്ന് ഡാളസ് കൗണ്ടി ഡിസ്്ട്രിക്റ്റ് അറ്റോർണി ഫെയ്ത്ത് ജോൺസൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയുടെ കോൺസൽ ജനറൽ അനുപം റായിയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. കുട്ടിയെ ഉപേക്ഷിച്ച കുറ്റത്തിനു വളർത്തമ്മ സിനി മാത്യൂസിനെതിരേയും കേസുണ്ട്. യുഎസിൽ 20 വർഷം വരെ തടവു ശിക്ഷലഭിച്ചേക്കാവുന്ന കുറ്റമാണിത്.
2017 ഒക്ടോബറിലാണ് ഷെറിൻ മാത്യൂസിനെ ടെക്്സസിലെ റിചാഡ്സനിലെ വീട്ടിൽ നിന്നും കാണാതായി എന്ന് വെസ്ലി മാത്യൂസ് പരാതിപ്പെട്ടത്. 15 ദിവസത്തിനു ശേഷം തിരിച്ചലിനിടെ ഷെറിന്റെ മൃതദേഹം വീടിനു സമീപത്തെ ഒരു കലുങ്കിനടിയിൽ നിന്നു കണ്ടെടുക്കുകയായിരുന്നു. പാലു കുടിക്കാത്തതിന് ശിക്ഷയായി പുലർച്ചെ മൂന്ന് മണിക്ക് ഷെറിനെ വീട്ടിനു പുറത്തു നിർത്തിയതായിരുന്നുവെന്നും പിന്നീട് കാണാതായെന്നുമായിരുന്നു വെസ്ലി ആദ്യം പോലീസിൽ പരാതിപ്പെട്ടത്.