മുംബൈ-നടി നിമിഷ സജയന്‍ ബോളിവുഡില്‍ അരങ്ങേറുന്നു. ദേശീയ പുരസ്‌കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന 'വി ആര്‍' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തുന്നത്. ചിത്രം സെപ്തംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒനിര്‍ സംവിധാനം ചെയ്ത ഐ ആം ലൈക് ഐ ആം എന്ന ചിത്രത്തിന്റെ തുടര്‍ച്ചയായിട്ടാണ് 'വി ആര്‍' ഒരുങ്ങുന്നത്.
ആന്തോളജിയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. നാല് കഥകളായിരിക്കും ചിത്രത്തില്‍ ഉണ്ടാവുക. നേരത്തെ നിമിഷ അഭിനയിച്ച ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ചിത്രം ദേശീയ തലത്തില്‍ ശ്രദ്ധേയമായിരുന്നു. ഫഹദ് ഫാസില്‍ അഭിനയിച്ച മാലിക്കാണ് നിമിഷയുടെതായി റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ആമസോണ്‍ പ്രൈമില്‍ ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
നേരത്തെ തിയേറ്ററിലെത്തുമെന്ന് അറിയിച്ച ചിത്രത്തിന്റെ റിലീസ് കോവിഡ് നിയന്ത്രണങ്ങളുടെ തുടര്‍ന്ന് പല തവണ മാറ്റിവെച്ചിരുന്നു. 2020 ഏപ്രില്‍ മാസം റിലീസ് ചെയ്യാന്‍ ഒരുങ്ങിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി മൂലം 2021 മെയ് 13ലേക്ക് റിലീസ് മാറ്റിവെച്ചിരുന്നു.
പിന്നീട് രണ്ടാം തരംഗം ശക്തമായതോടെയാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിക്കുകയായിരുന്നു. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ മാലികില്‍ അവതരിപ്പിക്കുന്നത്.