Sorry, you need to enable JavaScript to visit this website.

സൈന്യത്തിന് അമിതാധികാരം നല്‍കുന്ന നിയമം മാറ്റുമെന്ന് സൂചന

ന്യൂദൽഹി- സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന അഫ്‌സ്‌പ (ആംഡ് ഫോർസസ് സ്പെഷ്യൽ പവേർസ് ആക്‌ട്) നിയമം പുന:പരിശോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച് ആഭ്യന്തിര - സൈനിക വൃത്തങ്ങൾ തമ്മിൽ ചർച്ചകൾ നടന്നു വരികയാണ്. ജമ്മു കാശ്മീർ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ പ്രശ്‌ന ബാധിത പ്രദേശങ്ങളിലാണ് അഫ്‌സ്‌പ നടപ്പാക്കുന്നത്. അക്രമം നടത്തുന്ന രഹസ്യ കേന്ദ്രങ്ങൾ റെയ്ഡ് ചെയ്യാനും നശിപ്പിക്കാനുമുള്ള അധികാരം ഈ നിയമം വഴി സൈനികർക്കുണ്ട്.

അതേസമയം, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കശ്‌മീരിലും പ്രത്യേക സൈനിക നിയമം നടപ്പിലാക്കിയതിനെതിരെ വ്യാപക പ്രതിഷേധമാണ് തുടരുന്നത്.  ഈ നിയമം ഉപയോഗിച്ച് സൈനികർ ജനങ്ങളെ പീഡിപ്പിക്കുന്നതിനെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിരുന്നു.ഇതേ തുടർന്നാണ്  നിയമം റദ്ദാക്കുന്നതിനോ  ചില വ്യവസ്ഥകൾ ഒഴിവാക്കാനോ സർക്കാർ ആലോചിക്കുന്നത്. മണിപ്പൂരില്ർ ഈറോം ശർമിള അനിശ്ചിതകാല നിരാഹാര സമരം നടത്തിയതും നിയമത്തിനെതിരെ ആയിരുന്നു.

നിയമത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് ജീവൻ റെഡി കമ്മിഷൻ 2006 ജൂൺ ആറിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. റപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നിയമത്തിൽ ഭേദഗതി വരുത്തുമെന്ന് മൻമോഹൻ സിംഗ് പാർലമെന്റിൽ വ്യക്തമാക്കിയിരുന്നെങ്കിലും തുടർ നടപടികളുണ്ടായിരുന്നില്ല.

Latest News