ഇരുണ്ട ദിനങ്ങളിലൂടെ കടന്നു പോകാത്തവരുണ്ടാവില്ല. ദുഃഖഭരിതമായ നേരങ്ങളില്ലാത്ത ജീവിതം അസംഭവ്യമാണെന്ന് പറയാം. സ്‌നേഹിച്ചവരിൽ നിന്നുള്ള വേർപാട് തുടർന്നുള്ള വിരഹം, പ്രിയപ്പെട്ടവരുടെ പൊടുന്നനെയുള്ള വിയോഗങ്ങൾ,രോഗങ്ങൾ , വിവാഹ മോചനങ്ങൾ, ബിസിനസിലുള്ള നഷ്ടങ്ങൾ, ഉറ്റവരുടെ മാനസിക ശാരീരിക അവശതകൾ , അപകടങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ തുടങ്ങി പല രീതിയിൽ അവ കടന്നുവരും.
ക്ഷമയും സഹനവും ഏറെ അത്യാവശ്യമുള്ള ഇത്തരം സന്ദർഭങ്ങൾ ലിംഗ ഭേദമില്ലാതെ, പ്രായ വ്യത്യാസങ്ങളില്ലാതെ കാലദേശ പരിഗണനകളില്ലാതെ മനുഷ്യ ജീവിതത്തിൽ സ്വാഭാവികമായി സംഭവിച്ചിരിക്കും.
എല്ലാ കരുതലുകളും കണക്ക് കൂട്ടലുകളും കീഴ്‌മേൽ മറിഞ്ഞ് പോവുന്ന ഇത്തരം ദശാസന്ധികൾ ചിലരെ പാടെ തളർത്തി കളയാറുണ്ട്. ചിലർ അവയെ ആത്മസംയമനത്തോടെ സമീപിച്ച് എളുപ്പത്തിൽ അത്തരം ഘട്ടങ്ങൾ തരണം ചെയ്ത് മുന്നേറുന്നത് കാണാം.
ജീവിതം അവിചാരിതങ്ങളുടെ കൂടി ഘോഷയാത്രയും വിലാപ യാത്രയുമാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് കാര്യങ്ങളെ കാണുന്നവർക്ക് ദുഃഖഭരിതമായ ഇരുണ്ട നേരങ്ങളെ എളുപ്പത്തിൽ മറികടക്കാനാവും. ശരീരവും മനസും ഏറെ നൊമ്പരപ്പെടുന്ന ഇത്തരം വേളകൾ അകതാരിലേക്ക് പ്രകാശം പ്രവേശിക്കുന്ന സവിശേഷ സന്ദർഭങ്ങളാണെന്ന് ജലാലുദ്ദീൻ റൂമി നിരീക്ഷിച്ചിട്ടുണ്ട്. ജീവിതത്തിന്റെ ക്ഷണഭംഗുരതയിൽ നിന്നും പൊള്ളയായ പളപളപ്പുകളിൽ നിന്നും മാറി മനുഷ്യന്റെ അകക്കണ്ണ് തുറപ്പിക്കുന്ന ഗൗരവമായ ചില ദാർശനിക ചോദ്യങ്ങൾ ചോദിക്കാൻ അവ പ്രേരിപ്പിക്കുന്നുണ്ട്. അതിന്റെ ഫലമായി, ജീവിതത്തെ ആകെ തകിടം മറച്ചേക്കുമെന്നു ഭയപ്പെട്ട അത്തരം പല സന്ദർഭങ്ങളും പകർന്ന ഉൾവെളിച്ചങ്ങൾ പിൽക്കാലത്ത് നിർണായകമായ വഴിത്തിരിവുകൾക്ക് കാരണമായതായും ജീവിതത്തിൽ സമൂലമായ മാറ്റങ്ങൾക്ക് ഇടയാക്കിയതായും പല പ്രശസ്തരുടേയും ജീവ ചരിത്ര ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും.
വേദനയിൽ ഉള്ളടക്കം ചെയ്തിരിക്കുന്ന വേദാന്തത്തെ വായിച്ചു തുടങ്ങിയാൽ നിരാശയും വിഷാദവും വിട്ടകലുമെന്ന് സാരം. നാം കാണുന്ന സ്വപ്‌നങ്ങളുടെ വലിപ്പത്തിനനുസരിച്ച് നാം നോക്കേണ്ടുന്ന നോമ്പുകളും രുചിക്കേണ്ടി വരുന്ന നോവുകളും വ്യത്യാസപ്പെട്ടിരിക്കും. നമ്മുടെ ശ്രദ്ധ ജീവിത സ്വപ്‌നങ്ങൾ പൂവണിയിക്കുന്നതിൽ കേന്ദ്രീകരിച്ചാൽ കഠിനതരമായ പല പരീക്ഷണങ്ങളുടെയും നാളുകളെ എളുപ്പത്തിൽ പ്രകാശമാനമാക്കാം.
കാലമിനിയുമുരുളുമെന്ന ആശ്വാസവും നമുക്കീ മാറ്റത്തെ സൗമ്യരായ് വരവേൽക്കാമെന്നുള്ള ആത്മവിശ്വാസവും അപ്പോൾ കൈവരും.