കൊച്ചി- പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളൊന്നും സ്വീകരിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. വിവാദമായ പുതിയ ഐടി ചട്ടങ്ങളുടെ (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയാ എത്തിക്‌സ് കോഡ്) ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ദേശീയ മാധ്യമങ്ങളുടെ സംഘടനയായ നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍.ബി.എ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് മാധ്യമങ്ങള്‍ക്ക് അനുകൂലമായ കോടതി ഉത്തരവ്. ഭരണകൂടത്തിനും അധികാരികള്‍ക്കും മാധ്യമങ്ങളുടെമേല്‍ അതിമാധികാരം പ്രയോഗിക്കാന്‍ വഴിയൊരുക്കുന്നതാണ് ഈ പുതിയ ഐടി ചട്ടങ്ങളെന്നാണ് എന്‍ബിഎ പരാതിപ്പെട്ടിരുന്നത്. ഐടി ചട്ടങ്ങള്‍ക്കെതിരെ നേരത്തെ നിയമവാര്‍ത്താ പോര്‍ട്ടലായ ലൈവ്‌ലോ നല്‍കിയ ഹര്‍ജിയിലെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാര്‍ പുതിയ ഉത്തരവിട്ടത്.
ഈ ഡിജിറ്റല്‍ മീഡിയാ പെരുമാറ്റ ചട്ടം ഭരണഘടനയുടെ 14, 19 വകുപ്പുകളുടെ ലംഘനമാണെന്നും നിയമത്തിനു മുന്നിലെ തുല്യത, തൊഴില്‍, വ്യവസായ സ്വാതന്ത്ര്യം എന്നിവ തടയുന്നതാണെന്നും എന്‍ബിഎ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.