മലയാള സിനിമയിൽ സ്ത്രീസംവിധായകർ ഏറെയില്ല. ക്യാമറയ്ക്കു മുന്നിലുള്ള പ്രകടനത്തേക്കാൾ ഏറെ പ്രയാസകരമാണ് പിന്നാമ്പുറങ്ങളിലെ പ്രവർത്തനങ്ങളെന്ന് മനസ്സിലാക്കിയതുകൊണ്ടാകണം സംവിധായകത്തൊപ്പി അണിയാൻ സ്ത്രീകൾ തൽപരരാകാത്തത്. അഞ്ജലി മേനോൻ, ഗീതു മോഹൻദാസ്, ശ്രീബാല കെ. മേനോൻ, വിധു വിൻസെന്റ്, കാവ്യാ പ്രകാശ് തുടങ്ങിയ ചുരുക്കം ചില സ്ത്രീ സംവിധായകരേ നമുക്കുള്ളു. അവർക്കിടയിലേയ്ക്കാണ് പുതുമുഖ സംവിധായികയായി അനു കുരിശിങ്കൽ എന്ന കൊച്ചിക്കാരിയെത്തുന്നത്.
രഞ്ജിത് ഒരുക്കിയ കേരള കഫേ പോലുള്ള ആറു ചെറു ചിത്രങ്ങളുടെ കൂട്ടായ്മയായ ചെരാതുകൾ എന്ന ചിത്രത്തിലെ ദിവാ എന്ന കൊച്ചുചിത്രത്തിലൂടെയാണ് അനു സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നത്.
ലണ്ടൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ന്യൂയോർക്ക് മൂവി അവാർഡ്, ഇന്തോ ഫ്രഞ്ച് ഇന്റർനാഷണൽ ഫിലിം അവാർഡ്, കൽക്കട്ട ഇന്റർനാഷണൽ ഫിലിം അവാർഡ്, സ്വീഡൻ ഫിലിം അവാർഡ്, പ്രാഗ് ഇന്റർനാഷണൽ അവാർഡ്... ചെറുതും വലുതുമായി അൻപതോളം അംഗീകാരങ്ങൾ നേടിയ ചിത്രമാണ് ചെരാതുകൾ. അക്കൂട്ടത്തിലുള്ള ദിവായാകട്ടെ പാട്ടിന്റെ പെരുമകൊണ്ട് പത്തോളം പുരസ്‌കാരങ്ങൾ നേടിക്കഴിഞ്ഞു. അനു കുരിശിങ്കൽ രചിച്ച് മെജോ ജോസഫ് ഈണമിട്ട് വിധു പ്രതാപും നിത്യാ മാമ്മനും ചേർന്ന് ആലപിച്ച ദിവായിലെ ഗാനങ്ങൾ ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു.
ജൂൺ പതിനേഴിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ചിത്രം പുറത്തിറങ്ങിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നൃത്തത്തെ ഏറെ സ്‌നേഹിക്കുന്ന ഒരു നർത്തകി ജീവിതവഴിയിലെ ഒരു ദശാസന്ധിയിൽ എല്ലാ കെട്ടുപാടുകളും പൊട്ടിച്ചെറിഞ്ഞ് മികച്ച നർത്തകിയായി മാറുന്നതാണ് ചിത്രത്തിലെ ഒരു കഥ. മറ്റൊന്ന് ജീവിതകാലം മുഴുവൻ കുടുംബത്തിനുവേണ്ടി പ്രയത്‌നിച്ച ഒരു സ്ത്രീ ഒടുവിൽ മക്കളാൽ തിരസ്‌കരിക്കപ്പെട്ടപ്പോൾ തന്നെ പണ്ടു പ്രണയിച്ച മനുഷ്യനോടൊപ്പം ജീവിക്കാൻ തീരുമാനിക്കുന്നതാണ്. ഇത്തരത്തിൽ ആറു ചിത്രങ്ങളും വ്യത്യസ്തമായ പ്രമേയങ്ങളാണ് അവതരിപ്പിക്കുന്നത്. സിനിമാ സംഗീതത്തിലും സംവിധാനത്തിലും തന്റേതായ ഒരിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കലാകാരി.
സിനിമാ വഴിയിലെത്തിയത്?
കുട്ടിക്കാലംതൊട്ടേ പാട്ടിന്റെ വഴിയിലൂടെയായിരുന്നു സഞ്ചാരം. അയർലന്റിൽ നഴ്‌സായിരുന്ന അമ്മ ഷേർളി തോമസിന്റെയും ബിസിനസുകാരനായ അഛൻ കെ.ജെ. ജേക്കബിന്റെയും ഏക മകളാണ്. ഒമ്പതാം ക്ലാസുവരെ അയർലന്റിലായിരുന്നു പഠനം. തുടർന്ന് നാട്ടിലേയ്ക്കു മടങ്ങി പഠനം തുടർന്നു. സിനിമയിൽ അഛനാണ് മാതൃക. മദർ തെരേസയുടെ ജീവിതം ഇതിവൃത്തമാക്കി അഛൻ നിർമ്മിച്ച ചിത്രമായിരുന്നു ഗിഫ്റ്റ് ഓഫ് ഗോഡ്. മിനി നായർ കേന്ദ്ര കഥാപാത്രമായ ഈ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലടക്കം ഒട്ടേറെ അംഗീകാരങ്ങൾ നേടിയിരുന്നു. എസ്. രമേശൻ നായരുടെ വരികൾക്ക് ബേണി ഇഗ്‌നേഷ്യസായിരുന്നു ചിത്രത്തിന് സംഗീതമൊരുക്കിയത്. പിന്നീടൊരിക്കൽ ബേണി ഇഗ്‌നേഷ്യസ് സാറിനു മുന്നിൽ ഒരു പാട്ടുപാടാൻ അവസരം ലഭിച്ചു. അദ്ദേഹമാണ് നല്ല മ്യൂസിക് സെൻസുണ്ടെന്നും പാട്ടു പഠിച്ചുകൂടെ എന്നും ചോദിച്ചത്. ആ പ്രചോദനത്തിലാണ് ആമ്പല്ലൂർ ഷാബുസാറിന്റെ കീഴിൽ സംഗീതപഠനം തുടങ്ങിയത്.
സംഗീത സംവിധായകൻ അലക്‌സ് പോളിന്റെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മ്യൂസിക് ടെക്‌നോളജിയിൽ ചേർന്നതും വഴിത്തിരിവായി. കമ്പോസിംഗും റെക്കോർഡിംഗും പ്രോഗ്രാമിംഗും തുടങ്ങി വരികൾ എഴുതുന്നതടക്കം പാട്ടിനെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും അവിടെനിന്നാണ് പഠിച്ചെടുത്തത്. ബേണി ഇഗ്‌നേഷ്യസ് സാറിന്റെ മകൻ ടാൻസൻ എന്റെ സുഹൃത്തായിരുന്നു. അദ്ദേഹത്തിന്റെ സംഗീതത്തിൽ തമിഴിൽ വരികളൊരുക്കിക്കൊണ്ടായിരുന്നു തുടക്കം. മഴൈത്തുള്ളി എന്ന തമിഴ് മ്യൂസിക് ആൽബം പിറവികൊള്ളുന്നതങ്ങനെയായിരുന്നു. തുടർന്ന് മെജോ ജോസഫിന്റെ സൊല്ലാമൽ എന്ന തമിഴ് ആൽബത്തിനും വരികളെഴുതി. അഛന്റെ സുഹൃത്തുകൂടിയായിരുന്ന എസ്. രമേശൻ നായർ സാറായിരുന്നു പാട്ടെഴുത്തിൽ വഴികാട്ടിയായത്. ഈയിടെ ജീവിതാരങ്ങിൽനിന്നും മറഞ്ഞുപോയ അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ എഴുത്തിന് ഏറെ കരുത്തായിരുന്നു. അഛന്റെ സൗഹൃദങ്ങളും സംഗീത ഗുരുവായ അലക്‌സ് സാറിന്റെ സംഗീത വിദ്യാലയത്തിൽനിന്നും നേടിയ ബന്ധങ്ങളുമാണ് സിനിമാ വഴിയിലേയ്ക്ക് നടത്തിയത്.
ദിവായിലേയ്‌ക്കെത്തിയത്?
ഇൻസ്റ്റിറ്റിയൂട്ടിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദർശാണ് സംവിധാനരംഗത്തേയ്ക്ക് കടന്നുവരാൻ പ്രേരണയായത്. ഈ രംഗത്ത് മുൻപരിചയമില്ലാത്തതിനാൽ വായിച്ചും കണ്ടും കുറേ അറിവുകൾ നേടിയെടുത്തു. രണ്ട് സംഗീത ആൽബങ്ങൾ പുറത്തിറക്കിയിരുന്നതിനാൽ അവയിൽ പ്രവർത്തിച്ചവരുമായുള്ള അടുപ്പവും ഗുണകരമായി. ഷോർട്ട് ഫിലിം ചെയ്യാനായിരുന്നു തീരുമാനിച്ചത്. നല്ലൊരു കഥതന്നെ തിരഞ്ഞെടുക്കണമെന്ന ചിന്തയാണ് ദിവായിലെത്തിച്ചത്. പ്രണയകഥയിൽ തുടങ്ങി ഹൊറർ പശ്ചാത്തലത്തിലെത്തുന്ന കഥയാണ് ദിവാ. ദിവാ എന്നാൽ ദിവാസ്വപ്നം. കാമുകനാൽ ചതിക്കപ്പെടുമെന്ന് സ്വപ്നം കാണുകവഴി ആ ഉദ്യമത്തിൽനിന്നും പിന്തിരിയുന്ന പെൺകുട്ടി. വരാനിരിക്കുന്ന ദുരന്തം സ്വപ്നങ്ങളിലൂടെ വഴിതെളിക്കുകയാണിവിടെ. മലയാളത്തിൽ ഇതുവരെ കാണാത്ത തരത്തിൽ ഒരു ഹോളിവുഡ് ശൈലിയിലാണ് ചിത്രം അവതരിപ്പിക്കാൻ ശ്രമിച്ചത്. ജെബിൻ ജെയിംസിന്റേതായിരുന്നു തിരക്കഥ. കോവിഡിന്റെ വെല്ലുവിളികളെ മറികടന്ന് കഴിഞ്ഞ ഡിസംബറിൽ നാലു ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. രാത്രിയും പകലും ചിത്രീകരിച്ചുകൊണ്ട് സഹപ്രവർത്തകരും സാങ്കേതികപ്രവർത്തകരും നല്ല സഹകരണമാണ് നൽകിയത്. മലയാളത്തിൽ ആദ്യമായി പാട്ടിന് വരികളെഴുതിയതും ദിവായിലൂടെയായിരുന്നു. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതിനുശേഷമാണ് ദിവാ ഇക്കഴിഞ്ഞ ദിവസം ഒ.ടി.ടി റിലീസായി പ്രേക്ഷകർക്കു മുന്നിലെത്തിയത്.
ഷോർട്ട് ഫിലിം സിനിമയായത്?
ചിത്രീകരണം പൂർത്തിയാക്കി എഡിറ്റിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് നിർമ്മാതാവായ ഡോ. മാത്യു മാമ്പ്ര സാറിന്റെ വിളിയെത്തുന്നത്. അദ്ദേഹമൊരുക്കുന്ന ചെരാതുകൾ എന്ന ആന്തോളജി ചിത്രങ്ങളുടെ കൂട്ടത്തിൽ ഒരു സ്ത്രീ സംവിധായിക കൂടി വേണമെന്നു പറഞ്ഞു. പുതിയ കഥയൊന്നുമില്ലെന്നും കുറച്ചു സാവകാശം വേണമെന്നുമായിരുന്നു മറുപടി. ഞങ്ങളൊരുക്കിയ ഹ്രസ്വചിത്രത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി അദ്ദേഹം അറിഞ്ഞിരുന്നു. ദിവാ കണ്ടപ്പോൾ അതുതന്നെ സിനിമയിൽ ഉൾപ്പെടുത്താമെന്നു പറയുകയായിരുന്നു. തിരക്കഥയും അവതരണരീതിയുമെല്ലാം അദ്ദേഹത്തെ ആകർഷിച്ചിരുന്നു. ഹ്രസ്വചിത്രത്തിൽനിന്നും വലിയൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ദൈവനിശ്ചയമായിരിക്കും.
സംവിധാന പഠനം?
ഹ്രസ്വചിത്രം പൂർത്തിയായതിനുശേഷം സംവിധാനത്തെക്കുറിച്ച് കൂടുതലറിയാൻ ആനമയിൽ ഒട്ടകം എന്ന ചിത്രത്തിന്റെ സംവിധായകനായ അനിൽ സൈനിന്റെ കീഴിൽ പരിശീലനം നേടിയിരുന്നു. കൂടാതെ സിനിമാട്ടോഗ്രാഫിയെക്കുറിച്ച് പഠിച്ചത് അനിൽ ചിത്രശാലയുടെ കീഴിലായിരുന്നു.
പുതിയ പ്രതീക്ഷകൾ?
ജീവിതത്തിൽ സന്തോഷം പകരുന്ന കാര്യങ്ങളിൽ ഏർപ്പെടാനാണ് ആഗ്രഹം. അതുകൊണ്ടുതന്നെ സംഗീതത്തിലും സംവിധാനത്തിലും ഒരുപോലെ ശോഭിക്കണമെന്നാണ് മോഹം. സംഗീത ആൽബങ്ങളും ഫീച്ചർ സിനിമകളും നിർമ്മിക്കണം. സംവിധാന രംഗത്തുനിന്നും പലരുടെയും ക്ഷണമെത്തുന്നുണ്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ എല്ലാം നിലച്ചിരിക്കുകയാണ്. കുടുംബത്തിന്റെ പിന്തുണയാണ് ഏറെ പ്രചോദനം. അഛൻ ഈ രംഗത്ത് പ്രവർത്തിച്ചതിനാൽ നല്ല സപ്പോർട്ടായിരുന്നു. പ്രൊഡക്ഷൻ സൈഡിൽ അഛനും സിനിമാട്ടോഗ്രാഫി ഭർത്താവും ചെയ്തത് വലിയ ആശ്വാസമായി. ആദർശ് പ്രമോദുമായി എട്ടു വർഷത്തോളമായുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്. രണ്ടുമാസം മുമ്പായിരുന്നു വിവാഹം. ആത്മവിശ്വാസം പകർന്ന് അദ്ദേഹം എന്നും കൂടെയുണ്ടായിരുന്നു. ഒരേ മേഖലയിൽ പ്രവർത്തിക്കുന്നവരായതുകൊണ്ട് ആ കൂട്ട് നല്ലതെന്നു തോന്നി. വീട്ടുകാരുടെ പിന്തുണയും കൂടി ലഭിച്ചതോടെ ജീവിതത്തിലും ഒന്നിച്ചു യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിൽ പഠനവും തുടരുന്നുണ്ട്. ഇന്ദിരാഗാന്ധി യൂനിവേഴ്‌സിറ്റിയിൽനിന്നും ബി.എ ഇംഗ്ലീഷ് പൂർത്തിയാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ എം.എയ്ക്കു പഠിക്കുകയാണിപ്പോൾ.