കോഴിക്കോട്- ബോളിവുഡിന്റെ ഇതിഹാസം ദിലീപ് കുമാറിന് മലബാര്‍ പ്രദേശവുമായി വൈകാരിക അടുപ്പം. സത്യന്‍, മധു, പ്രേംനസീര്‍ എന്നിങ്ങനെ പോയ് മറഞ്ഞ കാലത്തെ വെള്ളിത്തിരയിലെ നായകന്മാര്‍ എത്രയുണ്ടെങ്കിലും ഇന്ന് രാവിലെ മുംബൈയില്‍ വിട പറഞ്ഞ ദിലീപ് കുമാറിനെ നെഞ്ചേറ്റിയ സിനിമാ പ്രേമികളുടെ മണ്ണാണ് കോഴിക്കോട്ടും തിരൂരിലും മഞ്ചേരിയിലും വടകര, തലശേരി, കണ്ണൂര്‍ തുടങ്ങിയ വടക്കന്‍ മേഖലകളിലും നിസ്‌കാരവും നോമ്പും ചിട്ട തെറ്റിക്കാതെ നിറവേറ്റുന്ന പഴയ തലമുറയുടെ ഹൃദയത്തില്‍ വിരാജിച്ചവരാണ് ബോളിവുഡിലെ അനശ്വര നായികാനായകന്മാരും ഗായകരും. വിഖ്യാത ഗായകന്‍ മുഹമ്മദ് റാഫിയ്ക്ക് മുംബൈ നഗരത്തിലും കൂടുതല്‍ ഫാന്‍സ് കോഴിക്കോട്ടായിരിക്കും.
ഹിന്ദി താരങ്ങളും പാട്ടുകാരും എല്ലാവര്‍ക്കും സുപരിചിതര്‍. ദിലീപ് കുമാര്‍ സിനിമ വാശിയോടെ ആദ്യ പ്രദര്‍ശനത്തിന് തന്നെ കാണാന്‍ തലശേരി ഭാഗത്തു നിന്ന് അറുപതുകളിലും എഴുപതുകളിലും കോഴിക്കോട്ടേക്ക് മുസ്‌ലിം കാരണവന്മാര്‍ എത്താറുണ്ടായിരുന്നുവെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാസ്വാദകനുമായ നടക്കാവ് മുഹമ്മദ് കോയ അനുസ്മരിച്ചു. ജുമായും കഴിഞ്ഞ് മിഠായിത്തെരുവിലെ ലക്കി ഹോട്ടലിലെ ബിരിയാണിയും കഴിച്ച് ക്രൗണിലോ രാധയിലോ ചെന്ന് പുതിയ ഹിന്ദി പടത്തിന്റെ മാറ്റിനി കൂടി കണ്ടാല്‍ റാഹത്തായെന്ന് പറയുന്ന കലാസ്വദകരാണ് ദിലീപ് കുമാറിന്റെ കോഴിക്കോട്ടെ ഫാന്‍സ്. കോഴിക്കോട് നടക്കാവിലെ വൃന്ദാവന്‍ ടൂറിസ്റ്റ് ഹോമില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് വയനാട് റോഡിലെ ഫാത്തിമ ഹോസ്പിറ്റലിന്റെ ഉദ്ഘാടന വേളയിലും ദിലീപ് കുമാര്‍ കോഴിക്കോട്ടെത്തിയിരുന്നുവെന്ന് നടക്കാവ് ഓര്‍ത്തെടുത്തു.
1944ല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാറിനെ രാജ്യം പത്മവിഭൂഷണും ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി ആദരിച്ചിട്ടുണ്ട്. ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം തുടങ്ങി 65 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ച് ഇദ്ദേഹത്തിന്റെ രണ്ട് സഹോദരന്‍മാര്‍ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്‌ലം ഖാനും ഇഷാന്‍ ഖാനുമാണ് മരിച്ചത്. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്ടിംഗ് ആദ്യമായി പരീക്ഷിച്ചത് ദിലീപ് കുമാറായിരുന്നു. അഭിനയിച്ച 65 സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയുടെ പ്രതീകമാകാന്‍ കഴിഞ്ഞ നടനാണ് ഇദ്ദേഹം. നടി സൈറ ബാനുവാണ് ഇദ്ദേഹത്തിന്റെ ഭാര്യ.