മുംബൈ- കോൺഗ്രസും എൻ.സി.പിയുമായുള്ള സഖ്യം വേർപിരിഞ്ഞ് ബി.ജെ.പിക്കൊപ്പം ചേരുമെന്ന പ്രചാരണത്തെ പുച്ഛിച്ചു തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അജിത് പവാറിനോടും ബാലെസാഹേബ് തോറത്തിനുമൊപ്പമാണ് താൻ ഇരിക്കുന്നതെന്നും എവിടെയും പോകുന്നില്ലെന്നും താക്കറെ വ്യക്തമാക്കി. നേരത്തെ ആമിർ ഖാനും കിരൺ റാവുവും തമ്മിലുള്ള ബന്ധം കണക്കെയാണ് ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയിൽ വീണ്ടും ബി.ജെ.പി-ശിവസേന സഖ്യം ഒന്നാകുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു. ശിവസേന ഒരിക്കലും തങ്ങളുടെ ശത്രുക്കളല്ലെന്ന് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസും പറഞ്ഞു. ഇതോടെ ഊഹാപോഹം ശക്തമായി. കേന്ദ്ര മന്ത്രിസഭ വികസനം നീണ്ടതോടെ വീണ്ടും ഇതുമായി ബന്ധപ്പെട്ട പ്രചാരണങ്ങളുണ്ടായി. ഈ പശ്ചാതലത്തിലാണ് എവിടെയും പോകുന്നില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്.