ന്യൂദൽഹി- ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ആശുപത്രിയിൽ അന്തരിച്ച ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തു നൽകി. രാഷ്ട്രപതി എന്ന നിലയിൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. ഫാ. സ്റ്റാൻ സ്വാമിക്കെതിരേ വ്യാജ കേസാണ് ചുമത്തിയിരുന്നത്. അന്യായമായി തടവിൽ പാർപ്പിച്ച അദ്ദേഹത്തോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായാണ് പെരുമാറിയിരുന്നത്. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട എല്ലാവർക്കെതിരേയും രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ച കേസാണ് എടുത്തത്. യു.എ.പി.എ, രാജ്യദ്രോഹ വകുപ്പുകളുടെ ദുരുപയോഗമാണ് ഇതിലൂടെ നടക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
തടവുകാർ തിങ്ങിപ്പാർക്കുന്ന മുംബൈ തലോജ ജയിലിൽനിന്ന് ഫാ. സ്റ്റാൻ സ്വാമിയെ മാറ്റണം എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടില്ല. ജാമ്യം നൽകണം എന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. ഒടുവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനായി ഇടപെടൽ നടത്തിയ ബോംബെ ഹൈക്കോടതി നടപടിയിൽ വളരെയധികം നന്ദിയുണ്ട്. എന്നാൽ, ഇതു തന്നെ ഏറെ വൈകിപ്പോയിരുന്നു എന്നും കത്തിൽ ചൂണ്ടിക്കാട്ടൂന്നു.
നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്ന സ്വാമിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നതിൽ പിന്നെയാണ് പാർക്കിൻസൺ രോഗ ബാധിതനായ അദ്ദേഹത്തിന് വെള്ളം കുടിക്കാൻ ഒരു സിപ്പർ പോലും ലഭിച്ചത്. ആദിവാസികളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അഹോരാത്രം പ്രവർത്തിച്ച വ്യക്തിയായിരുന്നു സ്വാമി. അദ്ദേഹം തടവിൽ കഴിയവേ മരിച്ചതിൽ അങ്ങേയറ്റം ദുഖമുണ്ടെന്നും പ്രതിപക്ഷ നേതാക്കൾ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി നേതാവ് ശരദ് പവാർ, തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി, ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിൻ, ജെ.എം.എം നേതാവ് ഹേമന്ത് സോറൻ, ജെ.ഡി.എസ് നേതാവ് ദേവ ഗൗഡ, ജെ.കെ.പി.എ നേതാവ് ഫാറൂക്ക് അബ്ദുള്ള, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ നേതാവ് ഡി.രാജ എന്നിവരാണ് കത്തു നൽകിയത്.