ന്യൂദല്‍ഹി- കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കു സമീപം കഴിഞ്ഞ വര്‍ഷം നടന്ന പൗരത്വ പ്രക്ഷോഭത്തിനു നേരെ വെടിവച്ച 17കാരന് മുസ്ലിം വിദ്വേഷ ആഹ്വാനവുമായി പരസ്യമായി രംഗത്ത്. ഹരിയാനയിലെ പട്ടൗഡിയില്‍ നടന്ന ഒരു മഹാപഞ്ചായത്തിലാണ് മുസ്ലിം സ്ത്രീകളെ തട്ടിക്കൊണ്ടു പോകാന്‍ ആളുകളെ പ്രേരിപ്പിച്ച് ഈ കൗമാരക്കാരന്റെ വിദ്വേഷ പ്രസംഗം അരങ്ങേറിയത്. പ്രസംഗത്തിന്റെ വിഡിയോ നിരവധി പേര് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇത് പ്രചരിക്കുന്നുമുണ്ട്. ഹിന്ദു സ്ത്രീകളെ തട്ടിക്കൊണ്ടു പോയാല്‍ മുസ്ലിം സ്ത്രീകളേയും തട്ടിക്കൊണ്ടു പോകണമെന്നാണ് യുവാവ് ആഹ്വാനം ചെയ്തത്. തീവ്രവാദ ചിന്താഗതിയുള്ളവര്‍ക്ക് ഇത് മുന്നറിയിപ്പാണെന്നും യുവാവ് പറയുന്നു. പൗരത്വ നിയമത്തെ അനുകൂലിച്ച് എനിക്ക് 100 കിലോമീറ്റര്‍ അകലെ ജാമിഅ വരെ പോകാമെങ്കില്‍, പട്ടൗഡി അത്രയൊന്നും അകലെ അല്ലെന്ന് ഓര്‍ത്തോളൂ എന്ന ഭീഷണിയുമായാണ് യുവാവ് പ്രസംഗം അവസാനിപ്പച്ചത്. മുസ്ലിംകളെ ആക്രമിച്ച് അവരെ കൊണ്ട് റാം റാം പറയിപ്പിക്കണമെന്നും ഇയാള്‍ പറയുന്നതായി വിഡിയോയില്‍ കേള്‍ക്കാം. മതപരിവര്‍ത്തനം തടയല്‍, ജനസംഖ്യാ നിയന്ത്രണം എന്നിവ ചര്‍ച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്.
ദല്‍ഹിയില്‍ പൗരത്വ ഭേദഗതിക്കെതിരെ പൗരത്വ പ്രക്ഷോഭം ശക്തമായി നടന്നു വരുന്നതിനിടെ 2020 ജനുവരി 30നാണ് ഈ കൗമാരക്കാരന് സമരക്കാര്‍ക്കു നേരെ തോക്കുചൂണ്ടി നിറയൊഴിച്ചത്. പോലീസ് നോക്കി നില്‍ക്കെയായിരുന്നു ഇത്. 'ദല്‍ഹി പോലീസ് സിന്ദാബാദ്, ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം വിളിക്കണം, ഇതാ പിടിച്ചോ ആസാദി' എന്നു വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇയാള്‍ വെടിവച്ചത്. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു.
സംഭവ സ്ഥലത്തു നിന്ന് തന്നെ പിടികൂടിയ യുവാവിനെതിരെ വധശ്രമത്തിന് കേസെടുക്കുകയും ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുമ്പാകെ ഹാജരാക്കി ദുര്‍ഗുണ പരിഹാര കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം ഇവിടെ നിന്നും മോചിതനായി. യുവാവിന്റെ പുതിയ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് പാലീസ് പറഞ്ഞു. സംഭവം പരിശോധിക്കുന്നകയാണെന്ന് ക്രൈബ്രാഞ്ച് അറിയിച്ചു. ഇതേ പരിപാടിയില്‍ തന്നെ ബിജെപി വക്താവും കര്‍ണി സേനാ അധ്യക്ഷനുമായ സുരജ് പാല് അമു അങ്ങേയറ്റം പ്രകോപനപരവും വിദ്വേഷം നിറഞ്ഞതുമായി പ്രസംഗം നടത്തിയിരുന്നു.