ന്യൂദല്‍ഹി- ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഹിന്ദുത്വത്തിന് എതിരെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. എല്ലാ ഇന്ത്യക്കാരുടെയും ഡിഎന്‍എ ഒരുപോലെയാണെന്നും ഇന്ത്യയില്‍ ഇസ്‌ലാം അപകടത്തിലാണെന്ന ഭീതിയില്‍ മുസ്‌ലീങ്ങള്‍ കുടുങ്ങിപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനാണ് ശ്രമിക്കേണ്ടതെന്നും ആര്‍.എസ്.എസിന് കീഴിലെ മുസ്‌ലിം സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച ചടങ്ങില്‍ മോഹന്‍ ഭാഗവത് പറഞ്ഞു.
'ഒരു മുസ്‌ലീമും ഇവിടെ താമസിക്കരുതെന്ന് ഒരു ഹിന്ദു പറഞ്ഞാല്‍, ആ വ്യക്തി ഹിന്ദു അല്ല. പശു ഒരു വിശുദ്ധ മൃഗമാണ്, എന്നാല്‍ മറ്റുള്ളവരെ കൊന്നൊടുക്കുന്ന ആളുകള്‍ ഹിന്ദുത്വത്തിനെതിരെ പോകുന്നു. പക്ഷപാതമില്ലാതെ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം.' ഹിന്ദുസ്ഥാനി ഫസ്റ്റ്, ഹിന്ദുസ്ഥാന്‍ ഫസ്റ്റ് 'എന്ന വിഷയത്തില്‍ മുസ്‌ലിം രാഷ്ട്ര മഞ്ച് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ഐക്യത്തിന്റെ അടിസ്ഥാനം ദേശീയതയായിരിക്കണം. ഐക്യമില്ലാതെ രാജ്യത്ത് വികസനം കൊണ്ടുവരാനാകില്ല.ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്‌ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം.
ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണ്.അവരുടെ മതം ഏതായാലും.ഇന്ത്യയില്‍ ഇസ്‌ലാം അപകടത്തിലാണ് എന്ന കെണിയില്‍ ആരും വീഴരുതെന്നും മോഹന്‍ ഭാഗവത് കൂട്ടിചേര്‍ത്തു.