വാന്‍കൂവര്‍- കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ലിറ്റന്‍ എന്ന ചെറുപട്ടണം പൂര്‍ണമായും കാട്ടുതീയില്‍ കത്തിയമര്‍ന്നു. കൊടുംചൂടില്‍ വെന്തുരുകുകയാണ് ബ്രിട്ടീഷ് കൊളംബിയ. ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി അധികം വൈകാതെ തന്നെ ഗ്രാമത്തിലെ വീടുകളും കെട്ടിടങ്ങളും അടക്കം എല്ലാം തീവിഴുങ്ങിയിരുന്നു. ആയിരത്തോളം പേരാണ് ഇവിടെ താമസക്കാരായി ഉണ്ടായിരുന്നത്. തീപ്പിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചതായാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടേക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വൈദ്യുതി, ഫോണ്‍ ബന്ധങ്ങളൊന്നുമില്ലാത്തതിനാല്‍ ഇവിടേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമല്ല. അതേസമയം തീപ്പിടിത്തില്‍ കൂടുതല്‍ പേര്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. റെഡ് ക്രോസും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസുമാണ് കാണാതായവര്‍ക്കു വേണ്ടി തിരച്ചലിന് നേതൃത്വം നല്‍കുന്നതെന്ന് പൊതുസുരക്ഷാ മന്ത്രി മൈക്ക് ഫാന്‍വര്‍ത്ത് അറിയിച്ചു. ഗ്രാമമൊന്നാകെ പത്തു മിനിറ്റകമാണ് കത്തിച്ചാമ്പലായതെന്ന് രക്ഷപ്പെട്ടോടിയവര്‍ പറയുന്നു.
49.6 ഡിഗ്രി സെല്‍ഷ്യസാണ് ഈ മേഖലയിലെ ചൂട്. കൊടുംചൂടിനൊപ്പം ഉഷ്ണ തരംഗവും മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച 486 പേരാണ് പലയിടങ്ങളിലായി മരിച്ചതെന്ന് ബ്രിട്ടീഷ് കൊളംബിയ ചൂഫ് കൊറോണര്‍ ലിസ ലപോയിന്‍തെ പറഞ്ഞു. ഈ മരണങ്ങളെല്ലാം ചൂടേറ്റാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അവര്‍ പറഞ്ഞു.