ന്യൂദല്‍ഹി- സായുധ സേനകളുടെ ഏകീകൃത ശാക്തീകരണത്തിനായുള്ള ശ്രമങ്ങളില്‍ ഇന്ത്യന്‍ വ്യോമ സേന പൂര്‍ണ പ്രതിജ്ഞാബദ്ധമാണെന്ന് വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ബഹദോരിയ വ്യക്തമാക്കി. വ്യോമ സേന കരസേനയ്ക്ക് ഒരു കൈത്താങ്ങാണ് എന്ന സംയുക്ത സേനാ മേധാവിയായ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വ്യോമ സേനാ മേധാവിയുടെ പ്രതികരണം. സായുധ സൈനികരേയും എഞ്ചിനീയര്‍മാരേയും പോരാളികളേയും പോലെ വ്യോമ പ്രതിരോധവും കരസേനയ്ക്ക് ഒരു കൈത്താങ്ങാണ് എന്നായിരുന്നു ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവന. എന്നാല്‍ കൈത്താങ്ങ് എന്ന വിശേഷണം വ്യോമ സേനയെ വിലകുറച്ചു കാണുന്നതായാണ് വിലയിരുത്തപ്പെട്ടത്. ജനറല്‍ ബിപിന്‍ റാവത്തിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ വ്യോമ സേനയ്ക്ക് ഒരു കൈത്താങ് എന്ന പങ്കു മാത്രമല്ല ഉള്ളതെന്നും വ്യോമ ശക്തിക്ക് ഏത് സംയുക്ത യുദ്ധങ്ങളിലും വലിയ പങ്ക് വഹിക്കാനുണ്ടെന്നുമായിരുന്നു ബഹദോരിയയുടെ പ്രതികരണം.
കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളെ സംയോജിപ്പിച്ചു കൊണ്ടുള്ള തീയെറ്റര്‍ കമാന്‍ഡ് എന്ന പേരിലുള്ള സായുധ സേനാ ഏകീകരണ നടപടികളാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രതിരോധ രംഗത്ത് നടന്നു വരുന്നത്. ഈ സംയുക്ത നീക്കത്തിലും വ്യോമ സേനയുടെ പങ്ക് നിര്‍ണായകമാണെന്നും രാജ്യത്തിന്റെ മൊത്തത്തിലുള്ള വ്യോമ സുരക്ഷ കൈകാര്യം ചെയ്യുന്നത് വ്യോമ സേനയാണെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം കൗണ്‍സില്‍ എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ വ്യത്യസ്ത സെഷനുകളിലായി സംസാരിക്കുന്നതിനിടെയാണ് ജനറല്‍ ബിപിന്‍ റാവത്തും എയര്‍ ചീഫ് മാര്‍ഷല്‍ ബഹദോരിയയും ഇങ്ങനെ പറഞ്ഞത്.