Sorry, you need to enable JavaScript to visit this website.

പത്മാവതി വിവാദം തുടരും; രാജസ്ഥാനില്‍  റിലീസ് അനുവദിക്കില്ല 

ജയ്പൂര്‍- രജപുത്ര സംഘടനകളും സംഘ്പരിവാറും വിവാദത്തിലാക്കിയ പത്മാവതി സിനിമ പത്മാവത് എന്ന പേരിലായാലും രാജസ്ഥാനില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കതാരിയ പറഞ്ഞു. 
ഭേദഗതികളോടെ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയിട്ടും സിനിമാ വിവാദം അവസാനിക്കുന്ന മട്ടില്ല. റിലീസ് ചെയ്യുന്നതോടെ കൂടുതല്‍ സംഘടനകള്‍ രംഗത്തുവരുമെന്നും ആശങ്ക ഉയര്‍ന്നിരിക്കയാണ്. പത്മാവത് എന്ന് പേരു മാറ്റിയ സിനിമ ഈ മാസം 25-നാണ് തിയേറ്ററുകളിലെത്തുന്നത്. 
സിനിമക്കെതിരായ ജനവികാരമാണ് രാജസ്ഥാനില്‍ നിലനില്‍ക്കുന്നത്. അജ്മീര്‍ ഉള്‍പ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങളിലും ആല്‍വാര്‍ ലോക്‌സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാനത്ത് അധികാരത്തിലുള്ള ബി.ജെ.പിക്ക് മറിച്ചൊരു തീരുമാനം കൈക്കൊള്ളാനാവില്ല. 
സിനിമക്ക് സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതിലെ വിയോജിപ്പുള്ള എല്ലാ ഭാഗങ്ങളും നീക്കിയിട്ടായിരിക്കണം. അത് സെന്‍സര്‍ ബോര്‍ഡ് ചെയ്തിട്ടുണ്ടെങ്കില്‍ പ്രശ്‌നമില്ല. അല്ലാതെ പേരു മാത്രം മാറ്റിയാണ് സിനിമ റിലീസിന് ഒരുങ്ങുന്നതെങ്കില്‍ അതിനോട് സഹകരിക്കാനാവില്ലെന്ന് ബി.ജെ.പി രാജസ്ഥാന്‍ ഘടകം പ്രസിഡന്റ് അശോക് പര്‍ണാമിയും പറഞ്ഞു. ശ്രീ രജപുത് സഭാ പ്രസിഡന്റ് ഗിരിരാജ് സിംഗ് ലോട്‌വാരയും ഇതേ നിലപാടാണ് ആവര്‍ത്തിച്ചത്. 
അതേസമയം, സിനിമയെ രാഷ്ട്രീയ വിവാദമാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സമവായമുണ്ടാക്കുന്നതില്‍ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സിനിമയുടെ നിര്‍മാണഘട്ടത്തില്‍തന്നെ ഇടപെട്ട് ആരുടേയും വികാരം വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടിയിരുന്നു. സിനിമ നിര്‍മിക്കാന്‍ അനുവദിച്ചവര്‍ തന്നെ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ സിനിമക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. 
ജനങ്ങളുടെ വികാരം മാനിച്ചുകൊണ്ട് മധ്യനിലപാട് സ്വീകരിക്കേണ്ടിയിരുന്നു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കാനും പാടില്ല. യു.പി, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാരുകള്‍ സിനിമാ വിവാദത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമിച്ചത്. ഈ സര്‍ക്കാരുകള്‍ സ്വീകരിച്ച നിലപാട് കുറ്റകരമാണെന്ന് സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. 
മുഹമ്മദ് മാലിക് ജയാസിയുടെ 16-ാം നൂറ്റാണ്ടിലെ ഇതാഹാസ കാവ്യമാണ് പത്മാവതി എന്ന പേരില്‍ സിനിമയാക്കിയത്. സഞ്ജയ് ലീലാ ബന്‍സാലിയാണ് സിനിമയുടെ സംവിധായകന്‍.  സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു മുമ്പ് സെന്‍സര്‍ ബോര്‍ഡ് നിരവധി മാറ്റങ്ങളാണ് സിനിമയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭേദഗതികള്‍ പൂര്‍ണമായും വരുത്തിയാല്‍ സിനിമക്ക് ചരിത്രത്തോട് നീതി പൂലര്‍ത്താനാകുമോ, ചിത്രം പൂര്‍ണമാകുമോ എന്നീ ചോദ്യങ്ങളും ഉയരുന്നുണ്ട്. 

Latest News