അമ്മാന്‍- ജോര്‍ദാനില്‍ ഐ.എസ് ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ട 17 പേരെ അറസ്റ്റ് ചെയ്തതായി ഇന്റലിജന്‍സ് സര്‍വീസ് വെളിപ്പെടുത്തി.
ഐ.എസുമായി ബന്ധമുള്ളവര്‍ കഴിഞ്ഞ നവംബറിലാണ് വന്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതെന്നും യഥാസമയം ഗൂഢാലോചന തകര്‍ക്കാന്‍ സാധിച്ചുവെന്നും ഇന്റലിജന്‍സ് സര്‍വീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്താകെ അരാജകത്വം സൃഷ്ടിക്കാനും ദേശ സുരക്ഷ തന്നെ അപകടത്തിലാക്കാനും ഒരേ സമയം പല കേന്ദ്രങ്ങളില്‍ ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതി. അറസ്റ്റിലായവര്‍ ഏതു രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തിന് ഉപയോഗിക്കാന്‍ കരുതിവെച്ചിരുന്ന ആയുധങ്ങളും മറ്റു സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
സുരക്ഷാ, സൈനിക കേന്ദ്രങ്ങള്‍, വാണിജ്യ കേന്ദ്രങ്ങള്‍, മീഡിയാ ചാനലുകള്‍ എന്നിവക്കു പുറമെ മിതവാദികളായ പുരോഹിതന്മാരേയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നു. പണം കണ്ടെത്താന്‍ ബാങ്കുകള്‍ കൊള്ളയടിക്കാനും കാറുകള്‍ മോഷ്ടിച്ചു വില്‍ക്കാനുമാണ് സംഘം ആലോചിച്ചിരുന്നത്. ഭീകരാക്രമണത്തിനു ശ്രമിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതികളെ പ്രോസിക്യൂഷന് കൈമാറി.
അമേരിക്കയുടെ സഖ്യരാഷ്ട്രമായ ജോര്‍ദാന്‍ ഇറാഖിലേയും സിറിയയിലേയും ഐ.എസുകാരെ നേരിടാന്‍ സ്വന്തം വ്യോമസേനയെ ഉപയോഗിച്ചതിനു പുറമെ, യു.എസ് സഖ്യസേനയെ തങ്ങളുടെ താവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. ജോര്‍ദാനില്‍ ഐ.എസിനും അല്‍ഖാഇദക്കും ആയിരക്കണക്കിന് അനുയായികളുണ്ടെന്നാണ് കരുതുന്നത്. 2016-ല്‍ ചാവേര്‍ ആക്രമണം ഉള്‍പ്പെടെ നാല് ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു. സിറിയന്‍ അതിര്‍ത്തിയില്‍ ജൂണില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഏഴു പോലീസുകാരും രണ്ട് ജോര്‍ദാനികളും ഒരു കനേഡിയന്‍ ടൂറിസ്റ്റും കൊല്ലപ്പെട്ടിരുന്നു. 34 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.