മുംബൈ- മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ 65 കോടിയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. അജിത് പവാറിന്റെയും ഭാര്യയുടെയും പേരിലുള്ള പഞ്ചസാര ഫാക്ടറി അടക്കമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.
സത്താറയിലെ ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍ ആണ് ഇ.ഡി കണ്ടുകെട്ടിയത്. ഭൂമി, കെട്ടിടങ്ങള്‍, പ്ലാന്റ്, യന്ത്രസാമഗ്രികള്‍ എന്നിവ ഉള്‍പ്പെടെ 65.75 കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്. എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് തനിക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് അജിത് പവാര്‍ പ്രതികരിച്ചു. പഞ്ചസാര ഫാക്ടറി ഇ.ഡി കണ്ടുകെട്ടിയതായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 2010ല്‍ നടത്തിയ ലേലത്തില്‍, നിബന്ധനകള്‍ പാലിക്കാതെയും വിപണവിലയിലും കുറഞ്ഞ തുകയ്ക്കുമാണ് ജരന്ധേശ്വര്‍ സഹകാരി ഷുഗര്‍ മില്‍ വില്പന നടത്തിയതെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. ഇക്കാലത്ത് അജിത് പവാര്‍ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. അജിത് പവാറിനു വേണ്ടിയാണ് ലേലത്തില്‍ തിരിമറി നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. മുംബൈ പോലീസ് 2019ല്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തിയത്.