ലോസ് ആഞ്ചലസ്- ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരദാന ചടങ്ങ് ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായി. ഹോളിവുഡിനെ പിടിച്ചു കുലുക്കിയ ലൈംഗിക അപവാദങ്ങള്‍ക്കെതിരെ ശക്തമായ പ്രഭാഷണങ്ങള്‍ക്കാണ് പുരസ്‌കാര വേദി സാക്ഷ്യം വഹിച്ചത്. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായവരെ ആദരിക്കാന്‍ കറുപ്പണിഞ്ഞുകൊണ്ടാണ് താരങ്ങള്‍ എത്തിയത്.
ആജീവനാന്ത സംഭാവനകള്‍ക്കുള്ള ഓണററി പുരസ്‌കാരം നേടിയ പ്രശസ്ത ടെലിവിഷന്‍ അവതാരക ഓപ്ര വിന്‍ഫ്രേയാണ് ഗംഭീര പ്രസംഗം നടത്തി സദസ്സിനെ കൈയിലെടുത്തത്. ചക്രവാളത്തില്‍ പുതിയ ഉദയം കാണുന്നുവെന്ന അവരുടെ പരാമര്‍ശം വരും കാലത്തും അമേരിക്കയില്‍ ചര്‍ച്ചയാകും.
ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ്, മിസ്സൂരി എന്ന ചിത്രമാണ് നാല് അവാര്‍ഡുകള്‍ കരസ്ഥമാക്കി മികവ് പുലര്‍ത്തിയത്.
ഹോളിവുഡിനെ പിടിച്ചുലച്ച മീ ടൂ, ടൈംസ് കാമ്പയിനുകളുടെ സന്ദേശം തന്നെയാണ് വേദിയില്‍ ഉയര്‍ന്നു കേട്ടത്. വിനോദ വ്യവസായത്തില്‍ മാത്രമല്ല, ലോകത്തുതന്നെയും വനിതകള്‍ക്കായി മാറ്റം കൊണ്ടുവരണമെന്നായിരുന്നു ആഹ്വാനം.
സീസില്‍ ബി ഡിമൈല്‍ അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം വിന്‍ഫ്രേ നടത്തിയ പ്രസംഗം സദസ്സിനെ അക്ഷരാര്‍ഥത്തല്‍ കോരിത്തരിപ്പിച്ചു. സിനിമയിലെ സ്ത്രീകള്‍ക്ക്, മീ ടൂ കാമ്പയിനുകള്‍ നടത്തേണ്ട സാഹചര്യമില്ലാത്ത കാലം വരുമെന്ന് അവര്‍ പറഞ്ഞു. മാസങ്ങളായി ഹോളിവുഡിനെ പിടിച്ചുലച്ച കാസ്റ്റിങ്ങ് കൗച്ച് വിവാദത്തെ തുടര്‍ന്ന് പ്രചരിച്ച ഹാഷ് ടാഗ് കാമ്പയിനാണ് മീ ടൂ. പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റൈനെതിരെ ലൈംഗിക ചൂഷണം ആരോപിച്ച് മുന്‍നിര നടിമാരടക്കം രംഗത്ത് വരികയും അതിലൂടെ അദ്ദേഹം അറസ്റ്റിലാവുകയും ചെയ്തിരുന്നു. വെയിന്‍സ്‌റ്റൈന്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ച നടിമാര്‍ക്ക് വിന്‍ഫ്രേ അഭിനന്ദനമറിയിച്ചു. തങ്ങള്‍ക്കുണ്ടായ അനുഭവം തുറന്ന് പറയാന്‍ നടിമാര്‍ കാട്ടിയ ധീരതയില്‍ അഭിമാനം കൊള്ളുന്നുവെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും സത്യം തുറന്ന് പറയാന്‍ മാത്രം അവര്‍ ശക്തരായത് പ്രചോദനമാകുമെന്നും വിന്‍ഫ്രേ പറഞ്ഞു. മാധ്യമങ്ങളില്‍ മുമ്പുള്ളതിനേക്കാള്‍ വിശ്വാസം വര്‍ധിച്ചെന്നും സത്യം പറയുക എന്നതാണ് നമ്മുടെ ഏറ്റവും ശക്തമായ ആയുധമെന്നും വിന്‍ഫ്രേ ഉണര്‍ത്തി. ആദ്യമായാണ് ഒരു കറുത്ത വര്‍ഗക്കാരി ഗോള്‍ഡന്‍ ഗ്ലോബില്‍ സീസില്‍ ബി ഡിമൈല്‍' പുരസ്‌കാരത്തിന് അര്‍ഹയായത്. ഇതുവരെ 15 സ്ത്രീകള്‍ക്ക് മാത്രമാണ് ഡിമൈല്‍ പുരസ്‌കാരം ലഭിച്ചത്.