ഗുവാഹത്തി- അസമിലെ വിവരാവകാശ പ്രവർത്തകനും അസമിലെ സിബ്‌സാഗർ എം.എൽ.എയുമായ അഖിൽ ഗൊഗോയി ജയിൽ മോചിതനായി. അവസാനത്തെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയതോടെയാണ് ജയിൽ മോചനം സാധ്യമായത്. എൻ.ഐ.എ. സ്‌പെഷ്യൽ കോടതിയാണ് കുറ്റവിമുക്തനാക്കിയത്. പൗരത്വ പ്രക്ഷോഭങ്ങളിൽ അസമിലുണ്ടായ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയ കേസുകളിലാണ് ഗൊഗോയി പൂർണമായും കുറ്റവിമുക്തനായത്. കഴിഞ്ഞ മാസം 22ന് ഒരു കേസിൽ ഗൊഗോയിയെ കോടതി വെറുതെ വിട്ടിരുന്നു.
അസമിലെ കർഷക നേതാവുകൂടിയായ അഖിൽ ഗൊഗോയിക്കും മറ്റു മൂന്ന് നേതാക്കൾക്കുമെതിരെ യു.എ.പി.എ. പ്രകാരമായിരുന്നു കേസ്. രണ്ട് കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. ഇതിൽ ഒരു കേസിൽ നാല് പേരെയും കുറ്റവിമുക്തരാക്കി.
അസമിൽ നിന്നുള്ള കർഷകനേതാവും വിവരാവകാശ പ്രവർത്തകനുമാണ് അഖിൽ ഗൊഗോയി. അസം തെരഞ്ഞെടുപ്പിൽ ജയിലിൽ നിന്നും മത്സരിച്ച അഖിൽ ഗൊഗോയി സിബ്‌സാഗർ മണ്ഡലത്തിൽ നിന്നും ബി.ജെ.പി. സ്ഥാനാർത്ഥി സുരഭി രജ്‌കോൻവാരിയെ 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്.