കൊച്ചി- ആദ്യസിനിമയിലെ അപൂര്‍വ്വ ചിത്രവും മനോഹരമായ ഓര്‍മ്മകളും പങ്കുവച്ച് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ആദ്യ സിനിമയിലെ അപൂര്‍വചിത്രവും ഓര്‍മ്മകളുമാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.
കെ.എസ്.സേതുമാധവന്‍ സംവധാനം ചെയ്ത് സത്യനും നസീറും നായകന്‍മാരായി എത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. താരത്തിന്റെ 20ാം വയസിലായിരുന്നു ഇത്. സിനിമയിലെ തന്റെ ഫോട്ടോയ്‌ക്കൊപ്പം പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. മമ്മൂട്ടിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോയാണ്.
മഹാനടനായ സത്യനൊപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും മമ്മൂട്ടി സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു. ഇന്നുകാണുന്ന മമ്മൂട്ടിയുടെ രൂപമല്ലാതിരുന്നിട്ടും ആ സിനിമയിലെ തന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞു. അത് സ്‌ക്രീന്‍ ഗ്രാബ് ചെയ്ത ആരാധകന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.
'ഇത് ചെയ്ത വ്യക്തിക്ക് വലിയ നന്ദി. സിനിമയില്‍ ഞാനാദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ സ്‌ക്രീന്‍ ഗ്രാബാണിത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍നിന്ന് കളര്‍ കറക്ട് ചെയ്‌തെടുത്തത്.' മമ്മൂട്ടി കുറിച്ചു. പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ ചിത്രത്തിന് കമന്റുകളുമായി എത്തി. ടൊവിനോ, ഉണ്ണി മുകുന്ദന്‍, രജിഷ വിജയന്‍, ടിസ്‌ക ചോപ്ര, കാളിദാസ് ജയറാം തുടങ്ങി താരങ്ങളുടെ നീണ്ട നിരയുണ്ട് കമന്റ് ബോക്‌സില്‍.