മുംബൈ- അക്കൗണ്ടിൽനിന്നു ഒരു കോടി തട്ടിയെടുത്തെന്ന ഭാര്യയുടെ പരാതിയിൽ ബോളിവുഡ്/ടെലിവിഷൻ താരം കരൺ മെഹ്‌റയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തന്റെ അറിവോടു കൂടിയല്ലാതെ അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നു കാട്ടി കരണിന്റെ ഭാര്യ നിഷ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. അക്കൗണ്ടിൽനിന്നു പണം പിൻവലിക്കപ്പെട്ടതായി ബോധ്യമായതോടെയാണ് ഇവർ പരാതി നൽകിയത്. കരണിന്റെ രണ്ടു കുടുംബാംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കഴിഞ്ഞ മേയ് 31നു കരണിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ പിന്നീടു ജാമ്യം ലഭിച്ചു. 8 വർഷം മുൻപായിരുന്നു കരണിന്റെയും നിഷയുടെയും വിവാഹം. ഇവർക്കു 4 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ദമ്പതികൾ തമ്മിൽ അസ്വാരസ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ പ്രശ്‌നങ്ങളുണ്ടെന്നും ഒരു ഘട്ടത്തിൽ തനിക്കു ആത്മഹത്യാ പ്രവണത പോലും ഉണ്ടായിരുന്നതായും കരൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.
'ദേഷ്യം വരുമ്പോൾ അവൾ ഫോൺ വലിച്ചെറിയും, കയ്യിൽ കിട്ടുന്നതൊക്കെ തല്ലി പൊട്ടിക്കും, കുറച്ചു കാലം കഴിയുമ്പോൾ ഇതൊക്കെ മാറുമെന്നാണു ഞാൻ കരുതിയത്. പക്ഷേ മാറ്റം ഒന്നുമുണ്ടായില്ല. കഴിഞ്ഞ 4 വർഷമായി കാര്യങ്ങൾ അത്ര രസത്തിലല്ല. ഒരു ഘട്ടത്തിൽ ഞാൻ ആത്മഹത്യയ്ക്കു പോലും ശ്രമിച്ചിരുന്നു' അഭിമുഖത്തിൽ കരൺ പറഞ്ഞത് ഇങ്ങനെ.
ഹിന്ദി ടെലിവിഷൻ വ്യവസായത്തിലെ ഒന്നാം നിര താരമായ കരൺ 2016-17 സീസണിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പങ്കെടുത്തിട്ടുണ്ട്. ലവ് സ്‌റ്റോറി 2050, ബ്ലഡി ഇഷ്‌ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.