ന്യൂദല്‍ഹി- 543 ലോക്‌സഭാ സീറ്റില്‍ രാജ്യത്തുടനീളം 200 ഇടങ്ങളില്‍ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന കോണ്‍ഗ്രസില്ലാതെ ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാനാവില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിജെപി സര്‍ക്കാരിനെ നേരിടാന്‍ ഏതു പ്രതിപക്ഷ സഖ്യം രൂപംകൊണ്ടാലും കോണ്‍ഗ്രസായിരിക്കണം അതിന്റെ അടിത്തറയെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് കൂടി ഭാഗമായ പ്രതിപക്ഷ ഐക്യ ശ്രമം മാത്രമെ ഫലംകാണൂവെന്നും എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ കരുത്തരായ ഇടങ്ങളില്‍ ഡ്രൈവിങ് സീറ്റില്‍ ആ പാര്‍ട്ടികളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമയം അതിക്രമിച്ചിരിക്കുകയാണ്, ബിജെപി വിരുദ്ധ ശക്തികളെ ഇപ്പോള്‍ തന്നെ ഒന്നിപ്പിക്കേണ്ടതുണ്ട്- തേജസ്വി പറഞ്ഞു.
തയാറെടുപ്പുകള്‍ ഇപ്പോള്‍ തുടങ്ങണം. കോണ്‍ഗ്രസില്ലാതെ ഒരു സഖ്യവും നമുക്ക് സങ്കല്‍പ്പിക്കാനാവില്ല. നേതൃത്വത്തിന്റെ കാര്യമെടുത്താല്‍ അത് എല്ലാവരും കൂടിയിരുന്ന് അലോചിക്കേണ്ടതാണ്. ഒരു പക്ഷെ രാജ്യത്തിനു വേണ്ടി, വിശാല നന്മയ്ക്കു വേണ്ടി വിട്ടുവീഴ്ചകള്‍ വേണ്ടി വരും- തേജസ്വി പറഞ്ഞു. കോണ്‍ഗ്രസ് ഇല്ലെങ്കില്‍ പ്രതിപക്ഷ മുന്നണിയെ ആരു നയിക്കുമെന്ന ചോദ്യത്തിന് എല്ലാവരും കുടിയിരുന്നാല്‍ മാത്രമെ അറിയാനാകൂ എന്നായിരുന്നു തേജസ്വിയുടെ മറുപടി.